മുംബൈ: എന്‍സിപിയെയും ശിവസേനയെയും വിമര്‍ശിച്ച മഹാരാഷ്‌ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോളെ കോണ്‍ഗ്രസില്‍ ഒറ്റപ്പെടുന്നു. കഴിഞ്ഞ ദിവസം എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെ വിമര്‍ശിക്കുകയും ശരത് പവാര്‍ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തതാണ് നാനാ പടോളെയ്‌ക്ക് വിനയായത്.
അജിത് പവാര്‍ ഉപമുഖ്യമന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയല്ല, മറ്റാര്‍ക്കോ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു നാനാ പടോളെയുടെ വിമര്‍ശനം. ഇതിനെതിരെ പ്രതികരിച്ച ശരത്പവാര്‍ താന്‍ നാനാ പടോളെയെപ്പോലുള്ള ചെറിയ നേതാക്കളോട് പ്രതികരിക്കില്ലെന്നും സോണിയയെപ്പോലുള്ളവര്‍ക്കേ മറുപടി നല്‍കൂ എന്നും പ്രസ്താവിച്ചിരുന്നു.
ഇതോടെ ശരത്പവാറിനെ തണുപ്പിക്കാന്‍ മഹാരാഷ്‌ട്ര കോണ്‍ഗ്രസിലെ ഒരു സംഘം ശരത്പവാറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കാണുകയായിരുന്നു. മഹാരാഷ്‌ട്ര കോണ്‍ഗ്രസ് ചുമതലയുള്ള എച്ച്.കെ. പാട്ടീല്‍, പിഡബ്‌ള്യുഡി മന്ത്രി അശോഖ ചവാന്‍, റവന്യു മന്ത്രി ബാലാസാഹേബ് തോറാട്ട് എന്നിവരാണ് ശരത്പവാറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ടത്. നാനാ പടോളെ നടത്തിയ തരം വിമര്‍ശനങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും അവര്‍ ശരത്പവാറിന് ഉറപ്പ് നല്‍കി.
ശിവസേനയും നാനാ പടോളെ നടത്തിയ വിമര്‍ശനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതോടെ മഹാരാഷ്‌ട്ര കോണ്‍ഗ്രസില്‍ മറ്റൊരു വിള്ളലിന് വഴിയൊരുങ്ങുകയാണെന്ന് സൂചനയുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി നാനാ പടോളെ ശിവസേനയെയും എന്‍സിപിയെയും വിമര്‍ശിച്ചുവരികയായിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും നാനാ പടോളെ അഭിപ്രായപ്പെട്ടിരുന്നു. മഹാ വികാസ് അഘാദി സര്‍ക്കാരില്‍ വിള്ളല്‍ വീഴുന്നതിന്റെ സൂചനയായാണ് ഇതിനെ കണ്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: