കൊച്ചി: നഗരസഭയുടെ പരിധിയില്‍ 2916 തെരുവു കച്ചവടക്കാരാണ് നിലവിലുള്ളതെന്ന് കൊച്ചി നഗരസഭാ സെക്രട്ടറി ഹൈക്കോടതിയില്‍ അറിയിച്ചു. കാല്‍നട യാത്രക്കാരുള്പ്പെടെയുള്ളവര്ക്കു തടസമാകുന്ന തരത്തില്‍ നഗരത്തിലുള്ള വഴിയോരക്കച്ചവടങ്ങള്‍ തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയിലാണ് നഗരസഭാ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.
ഒരു നിയന്ത്രണവുമില്ലാതെ നഗരത്തില്‍ വഴിയോരക്കച്ചവടങ്ങള്‍ അനുവദിക്കുന്നതിനെതിരെ കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. നഗരത്തില്‍ എവിടെയൊക്കെ വഴിയോരക്കച്ചവടങ്ങള്‍ അനുവദിക്കാമെന്നു വ്യക്തമാക്കി പോലീസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹര്‍ജി ഈയാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
വഴിയോരക്കച്ചവടക്കാര്‍ക്ക് പ്രത്യേക പദ്ധതിക്ക് രൂപം നല്‍കാനായി പട്ടിക തയാറാക്കിയിട്ടുണ്ടെന്ന് നഗരസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസിനെ ഇതിനായി ചുമതലപ്പെടുത്തി. അഞ്ച് ഡിവിഷനുകളില്‍ ഇവരുടെ സര്‍വേ പൂര്‍ത്തിയായി. കൊവിഡ് കാരണം നിലച്ച സര്‍വേ ഇപ്പോള്‍ പുന:രാരംഭിച്ചു. പനമ്പിള്ളിനഗര്‍ റെസിഡന്റ്സ് അസോസിയേഷന്റെ പരാതിയില്‍ അവിടുത്തെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ നടപടിയെടുത്തുവെന്നും നഗരസഭയുടെ ഹെല്‍ത്ത്, എഞ്ചിനീയറിങ് വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരെ ഇതിനു ചുമതലപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
വഴിയോരക്കച്ചവടങ്ങള്‍ അനുവദിക്കുന്നത് തടയണമെന്നും സ്മാര്‍ട്ട് മിഷന് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം പോലും തകര്‍ക്കുന്ന തരത്തിലാണ് കൈയേറ്റമെന്നും സ്മാര്‍ട്ട് മിഷന് ലിമിറ്റഡിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: