ശാസ്താംകോട്ട: വിസ്മയ കേസില്‍ റിമാന്റില്‍ കഴിയുന്ന ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യഹര്‍ജി 12ന് കോടതി പരിഗണിക്കും. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജയകുമാറാണ് കേസിന്റെ വാദം കേള്‍ക്കുക. പ്രതിക്ക് വേണ്ടി അഡ്വ: ബി.എ. ആളൂരാണ് കോടതിയില്‍ ഹാജരാകുന്നത്.
ശാസ്താംകോട്ട ഒന്നാം ക്ലാസ് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം കിരണിന്റെ ജാമ്യ അപേക്ഷ തള്ളിയിരുന്നു. ഇതോടൊപ്പം കിരണിനെതിരെ ചാര്‍ജ് ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയിലും റിട്ട് ഹര്‍ജി നല്കി. ഇതിനിടെ കൊവിഡ് ബാധിച്ച് നെയ്യാറ്റിന്‍കരയിലെ സ്പെഷ്യല്‍ സബ് ജയിലില്‍ ചികിത്സയില്‍ കഴിയുന്ന കിരണിന്റെ രോഗം ഭേദമാകുന്ന മുറയ്ക്ക് കസ്റ്റഡിയില്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നും പോലീസ് പിന്മാറി.
വിസ്മയയുടെ നിലമേലുള്ള വീട്ടിലെ തെളിവെടുപ്പ് മാത്രം അവശേഷിക്കുമ്പോഴാണ് കിരണിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതേ തുടര്‍ന്ന് അന്വേഷണ സംഘം നിലമേലിലെത്തി വിസ്മയയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അയല്‍വാസിയുടെയും എല്ലാം മൊഴി രേഖപ്പെടുത്തി. ഒരു തവണ കിരണ്‍ അവിടെ മദ്യപിച്ച് എത്തുകയും വിസ്മയയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അത് സംബന്ധിച്ച് ഒരു പരാതി അഞ്ചല്‍ പോലീസ് സ്റ്റേഷനിലുണ്ട്. എന്നാല്‍ ആ സംഭവത്തില്‍ അന്ന് പോലീസ് കേസ് എടുത്തിരുന്നില്ല. എന്നാല്‍ വിസ്മയയുടെ മരണത്തെ തുടര്‍ന്ന് അഞ്ചല്‍ പോലീസ് സ്റ്റേഷനിലെത്തി അന്വേഷണ സംഘം അന്നത്തെ സംഭവത്തിലെ വിവരങ്ങള്‍ ശേഖരിച്ചു. ഈ തെളിവുകളും മൊഴികളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും എല്ലാം കോര്‍ത്തിണക്കി ദിവസങ്ങളള്ക്കുള്ളില് തന്നെ പഴു തടച്ചുള്ള കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അഡ്വ. ബി.എ. ആളൂര്‍ കിരണിന്റെ വക്കാലത്ത് ഏറ്റെടുത്തതും സെഷന്‍സ് കോടതിയിയില്‍ ജാമ്യ അപേക്ഷ സമര്‍പ്പിക്കുകയും ഒപ്പം ഹൈക്കോടതിയില്‍ എഫ്ഐആര്‍ റദ്ദാക്കാന്‍ റിട്ട് ഹര്‍ജി നല്കിയതും പോലീസ് ഗൗരവമായി തന്നെ എടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് കുറ്റപത്രം നല്‍കാനുള്ള അന്വേഷണ സംഘത്തിന്റെ തിരക്കിട്ട നീക്കം. പ്രതി റിമാന്റില്‍ കഴിയുമ്പോള്‍ തന്നെ കുറ്റപത്രം നല്കിയാല് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറയും. പിന്നീട് കേസിന്റെ വിചാരണ കഴിയുന്നതു വരെ കിരണ്‍ ജയിലില്‍ കഴിയേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: