കേപ്ടൗണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സൂമ സ്വയം പൊലീസിന് കീഴടങ്ങി. കോടതിയലക്ഷ്യത്തിന്റെ പേരില്‍ 15 മാസം ജയില്‍ ശിക്ഷ വിധിച്ചിരുന്ന അദ്ദേഹം ഒടുവില്‍ സ്വയം പൊലീസിന് കീഴടങ്ങുകയായിരുന്നു.
ക്വാസുലു-നറ്റാല്‍ പ്രവിശ്യയിലെ ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം 15 മാസത്തെ ജയില്‍ശിക്ഷ അനുഭവിച്ച് തുടങ്ങി. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എല്ലാ ഒരുക്കങ്ങളും നടത്തുന്നതിനിടയിലാണ് ജേക്കബ് സൂമ കീഴടങ്ങിയത്. കഴിഞ്ഞ ആഴ്ച ഒരു അഴിമതിക്കേസില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യമായത്.
കോടതിയലക്ഷ്യത്തിന്റെ പേരില്‍ ഒരു മുന്‍ പ്രസിഡന്റ് ജയിലില്‍ പോകുന്നത് ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തില്‍ ഇതാദ്യം. ആദ്യം ജേക്കബ് സൂമ കീഴടങ്ങാന്‍ തയ്യാറില്ലായിരുന്നു. പൊടുന്നനെ തികച്ചും നാടകീയമായാണ് ജേക്കബ് സൂമ ഫൗണ്ടേഷന് അദ്ദേഹം പൊലീസിന് കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചത്.
തന്റെ അച്ഛന് ജയിലിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണെന്ന് പിന്നീട് ജേക്കബ് സൂമയുടെ മകള്‍ ഡുഡു സൂമ സാംബുദ്ല ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ 9 വര്‍ഷത്തെ പ്രസിഡന്റ് ഭരണത്തിനിടയില്‍ നടത്തിയ അഴിമതിയില്‍ തെളിവ് നല്‍കാനുള്ള കോടതിയുടെ നിര്‍ദേശം ജേക്കബ് സൂമ ജൂണ്‍ 29ന് തള്ളിക്കളഞ്ഞതാണ് കോടതിയലക്ഷ്യമായി മാറിയത്. സര്‍ക്കാര്‍ സ്വത്ത് ദുരുപയോഗം ചെയ്തു എന്നതായിരുന്നു കേസ്. എന്നാല്‍ ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് താനെന്നാണ് ജേക്കബ്ബ് സൂമയുടെ വാദം.
അതേ സമയം 1990കളില്‍ നടത്തിയ അഞ്ച് ബില്ല്യണ്‍ ഡോളറിന്റെ ആയുധക്കരാറില്‍ സൂമ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: