ന്യൂദല്‍ഹി: പുതിയ മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രി 35കാരന് നിഷിത് പ്രാമാണിക് നിര്‍ഭയനായി കൂച് ബീഹാറില്‍ മമതയുടെ തൃണമൂലിനെ നേരിട്ട യുവാവാണ്.
കൂച് ബീഹാള്‍ ഉള്‍പ്പെട്ട വടക്കന്‍ ബംഗാളിനെ തൃണമൂലില്‍ നിന്നും മോചിപ്പിച്ച യുവരക്തം കൂടിയാണ് നിഷിത് പ്രാമാണിക്. ഇയാളുടെ കേന്ദ്രമന്ത്രിസഭയിലേക്കുള്ള സ്ഥാനക്കയറ്റം മമതയുടെ ഉറക്കം കെടുത്തുമെന്ന് തീര്‍ച്ച. 019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂച് ബീഹാര്‍ ലോക്സഭാമണ്ഡലത്തില്‍നിന്ന് നിഷിത് പ്രാമാണിക് 54,231 വോട്ടുകള്‍ക്കാണ് തൃണമൂലിലെ പരേഷ് ചന്ദ്ര അധികാരിയെ തറപറ്റിച്ചത്. അന്നത് രക്തത്തിലെഴുതിയ പോരാട്ടമായിരുന്നു. ഏതുവിധേനെയും നിഷിതിനെ തോല്‍പ്പിക്കുക എന്നത് മമതയുടെ പ്രതിജ്ഞയായിരുന്നു. എന്നാല്‍ ഈ യുവാവിന്റെ മുന്നില്‍ മമതയ്ക്ക് അടിതെറ്റി. വര്‍ഗ്ഗീയത ഉള്‍പ്പെടെ എല്ലാ തന്ത്രങ്ങളും നിഷിതിനെതിരെ പയറ്റിയിട്ടും നടന്നില്ല. ഒടുവില്‍ കുച് ബീഹാര്‍ മണ്ഡലം തൃണമൂലില്‍ നിന്നും എന്നെന്നേക്കുമായി പ്രാമാണിക് മോചിപ്പിച്ചു. അങ്ങിനെയാണ് ഈ ചെറുപ്പക്കാരന് കൂച് ബീഹാറിന്റെ നേതാവായി ഉയര്‍ന്നത്.
നിര്‍ഭയരായ പോരാളികളെ മോദിയുടെ കണ്ണുകള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയും. അതാണ് പുതിയ സ്ഥാനക്കയറ്റത്തിന് പ്രാമാണിക്കിന്റെ ജീവിതത്തില്‍ വഴിയൊരുക്കിയത്. ഇക്കുറി ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ബംഗാളിലെ 54 സീറ്റുകളില്‍ 30ലും ബിജെപി കൊടിപാറിച്ചതിന് പിന്നില്‍ നിഷിത് പ്രാമാണിക്കിന്റെയും ജോണ്‍ ബര്ളയുടെയും വിയര്‍പ്പും ധീരതയുമുണ്ട്. ഇക്കുറി ബിജെപി ബംഗാളില്‍ പിടിച്ചെടുത്ത 77 സീറ്റുകളില്‍ 41 എണ്ണം പിടിച്ചെടുക്കുന്നതിലും നിഷിത് പ്രാമാണിക്കിനും ജോണ്‍ ബര്‍ളയ്ക്കും ശന്തനു താക്കൂറിനും പങ്കുണ്ട്. ഈ യുവാക്കളായ ത്രിമൂര്‍ത്തികള്‍ പുതിയ മോദി മന്ത്രിസഭയില്‍ ഇടം പിടിച്ചത് മമതയ്ക്കുള്ള താക്കീതാണ്.
കൂച് ബീഹാറില്‍ നിന്നുള്ള ആദ്യ കേന്ദ്രമന്ത്രിയാണ് നിഷിത് പ്രാമാണിക്. ഇക്കുറി നടന്ന ബംഗാള്‍ തെരഞ്ഞെടുപ്പില്‍ കൂച് ബീഹാറില്‍ നടന്ന വെടിവെപ്പ് ഏറെ വാര്‍ത്ത പിടിച്ചുപറ്റിയുന്നു. മോദിയുടെ മിഷന് ബംഗാളിന് വേണ്ടി ജീവന് തൃണവല്‍ഗണിച്ച് പണിയെടുത്ത യുവായിരുന്നു പ്രാമാണിക്. വടക്കന്‍ ബംഗാളില്‍ തൃണമൂലിനെ തുടച്ചുനീക്കിയതില്‍ ഈ യുവാവായിരുന്നു പ്രധാനി. ഇക്കുറി നടന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിഷിതിന്റെ ലോക്സഭാ മണ്ഡലമായ കുച് ബീഹാറിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ ഏഴിലും ബിജെപി വിജയിച്ചു. ആലിപുര്‍ദുവാര്‍, ജല്‍പൈഗുരി, ഡാര്‍ജലിംഗ്, കലിംപോംഗ് എന്നിവിടങ്ങളിലെല്ലാം കാവിക്കൊടി പാറി. ആലിപുര്ദുവാറിലെ ബിജെപി എംപിയായ ജോണ്‍ ബര്‍ല വടക്കന്‍ ബംഗാളില്‍ പുതിയൊരു കേന്ദ്രഭരണപ്രദേശം സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. ഇപ്പോള്‍ വടക്കന്‍ ബംഗാളില്‍ നിന്നുള്ള രണ്ടു പേരും- ജോണ്‍ ബര്‍ളയും നിഷിത് പ്രാമാണികും കേന്ദ്രമന്ത്രിസഭയിലെത്തുമ്പോള് ഈ ആവശ്യം കൂടുതല്‍ ശക്തിയോടെ ഉയര്‍ന്ന് വന്നേക്കും. എന്തായാലും വരാനിരിക്കുന്ന നാളുകളില്‍ മമത ഈ യുവാക്കളില്‍ നിന്നും കൂടുതല്‍ തിരിച്ചടി നേരിട്ടേക്കാം.
ഗോത്രവര്‍ഗ്ഗമായ രാജ്ബൊന്‍ഷിയില്‍പ്പെട്ട നേതാവാണ് നിഷിത് പ്രാമാണിക്. രാജ്ബൊന്‍ഷി, കംതാപുരി എന്നീ ഗോത്രസമൂഹങ്ങള്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെട്ട് തുടങ്ങി നാളുകളേറെയായി. മോദിയുടെ പുതിയ നീക്കം വടക്കന്‍ ബംഗാളില്‍ ബിജെപിയെ കൂടുതല്‍ അരക്കിട്ടുറപ്പിക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: