കൊച്ചി: കശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ പ്രതി ഫിറോസുമായി സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ക്കുള്ള ബന്ധം വിവാദമാകുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് എന്‍ഐഎ കേസില്‍ രാജ്യദ്രോഹക്കുറ്റത്തിന് പത്ത് വര്‍ഷം തടവു ലഭിച്ചയാളാണ് ഫിറോസ്.
ഇയാള്‍ക്ക് തൃക്കാക്കരയിലെ സിപിഎം-ഡിവൈഎഫ്ഐ നേതാക്കളുമായുള്ള അടുപ്പമാണ് പാര്‍ട്ടിയെ വെട്ടിലാക്കിയത്. സിപിഎം കളമശ്ശേരി ഏരിയ കമ്മറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പാലിയേറ്റിവ് കെയര്‍ സെന്ററിന്റെയും ഡിവൈഎഫ്ഐ തൃക്കാക്കര വെസ്റ്റ് മേഖല കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കാക്കനാട് പടമുകളില്‍ മെയ് ഒമ്പതു മുതല്‍ കമ്മ്യൂണിറ്റി കിച്ചന് ആരംഭിച്ചിരുന്നു. ഇവിടെ നിറസാന്നിധ്യമാണ് ഫിറോസ്. ഡിവൈഎഫ്ഐ നേതാക്കളുമായുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നതോയെടാണ് ബന്ധം വിവാദമായത്. തൃക്കാക്കരയിലെ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ സംരക്ഷണയിലാണ് ഫിറോസ് ഇപ്പോള്‍ വിലസുന്നത്,
കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഡിവൈഎഫ്ഐ സ്റ്റിക്കര്‍ ഒട്ടിച്ച കാറിലായിരുന്നു ഫിറോസിന്റെ യാത്ര. കാക്കനാട്, കളമശ്ശേരി, ഏലൂര്‍ മുനിസിപ്പല്‍ പ്രദേശങ്ങളിലും ഫിറോസിന്റെ കാറില്‍ എത്തിയാണ് ഡിവൈഎഫ്ഐ കിറ്റുകള്‍ വിതരണം ചെയ്തത്. കളമശ്ശേരി നഗരസഭയിലെ പ്രധാന സിപിഎം നേതാവിന്റെ വാര്‍ഡില്‍ നല്കിയ ഭക്ഷ്യ കിറ്റ് ഫിറോസാണ് സ്പോണ്സര് ചെയ്തത്. സിഐടിയു നേതാവായ വക്കീലാണ് ഫിറോസിന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്നത്.
കമ്മ്യൂണിറ്റി കിച്ചന് സിപിഎം ജില്ലാ സെക്രട്ടറി സന്ദര്‍ശിച്ചിരുന്നു. അത് ഫിറോസിനുളള പാര്‍ട്ടി പിന്തുണ ഉറപ്പിക്കാനായിരുന്നു. 2006-2008 കാലത്ത് കേരളത്തില്‍ നിന്നുള്ള യുവാക്കളെ ഭീകര പരിശീലനത്തിനായി റിക്രൂട്ട് ചെയ്തവരില്‍ ഫിറോസും ഉള്‍പ്പെട്ടിരുന്നു. പരിശീലനം നേടി പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ നാലു പേര് കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. ഇതോടെയാണ് തീവ്രവാദത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘം എന്‍ഐഎയുടെ പിടിയിലായത്.
കളമശേരി സ്വദേശിയായ ഫിറോസ് കൊടുംഭീകരന് തടിയന്റവിട നസീറിനൊപ്പമാണ് അന്ന് പ്രവര്‍ത്തിച്ചിരുന്നത്. ഇയാള്‍ ജയിലില്‍ പോയതും നസീറിനൊപ്പമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: