ഒരു ഗ്രാമത്തില്‍ ഒരു ഗൃഹസ്ഥന്, ഭാര്യയോടും മകനോടുംകൂടി ജീവിച്ചിരുന്നു. ജീവിത മാര്‍ഗ്ഗമായി അവര്‍ക്ക് ഒരു കാളവണ്ടി മാത്രമാണുണ്ടായിരുന്നത്. ഭാര്യ വലിയ ഭക്തയായിരുന്നു. അവര്‍ ദേവീദേവന്മാരുടെ സ്തോത്രങ്ങള്‍ ഉരുവിടുമായിരുന്നു. എന്നാല്‍ മകന് അതിലൊന്നും താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും, അവന് അമ്മ ചൊല്ലാറുള്ള സ്തോത്രങ്ങള്‍ മിക്കതും, എന്നും കേള്‍ക്കുന്നതുകൊണ്ട് ഹൃദിസ്ഥമായിരുന്നു.
കാലക്രമത്തില്‍ അച്ഛന് മരിച്ചതോടെ കുടുംബത്തിന്റെ ചുമതല മകനില്‍ വന്നുചേര്‍ന്നു. ഒരു ദിവസം പതിവുപോലെ കാളവണ്ടിയുമായി അയാള്‍ പുറത്തേക്കു പോയി. ചളിപിടിച്ചൊരു സ്ഥലത്തെത്തിയപ്പോള്‍ കാളവണ്ടി ചക്രങ്ങള്‍ പകുതിയോളം ചളിയില്‍ താഴ്ന്നുപോയി. സാഹചര്യം നിരീക്ഷിച്ച അയാള്‍ ഒരു കാര്യം നിരാശയോടെ മനസ്സിലായി. ചക്രങ്ങള്‍ വലിച്ചെടുക്കാന്‍ ഒരുപാട് ശക്തി ഉപയോഗിക്കേണ്ടിവരും. അലസത അതില്‍നിന്നും അയാളെ പിന്തിരിപ്പിച്ചു. ഒരു എളുപ്പമാര്‍ഗ്ഗം അയാളുടെ മനസ്സിലുദിച്ചു. ഈശ്വര നാമത്തിന്റെ ശക്തിയെപ്പറ്റി അമ്മ പല തവണ പറഞ്ഞിട്ടുള്ളത് അയാള്‍ ഓര്‍ത്തു. ഏതു അസാദ്ധ്യമായ കാര്യവും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയിലൂടെ നേടിയെടുക്കാമെന്നും അമ്മ പറഞ്ഞിരുന്നു. അയാള്‍ അടുത്തുള്ള ഒരു മരത്തിന്റെ ചുവട്ടില്പോയിരുന്ന് തനിക്കറിയാവുന്ന സ്തോത്രങ്ങള്‍ പലതും ഓര്‍ത്തെടുത്തു. ഹനുമാനോടു കൂടുതല്‍ ഇഷ്ടമുണ്ടായിരുന്നതുകൊണ്ട് ഹനുമാനെ മനസ്സില്‍ ധ്യാനിച്ചു. സ്തോത്രങ്ങള്‍ തീവ്രതയോടെ ഉരുവിടാന്‍ തുടങ്ങി.
സമയം മദ്ധ്യാഹ്നമായി. ഇങ്ങനെ ഇരുന്നാല്‍ വണ്ടിയുടെ ചക്രങ്ങള്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍, ഈ ദിവസത്തെ എല്ലാ പണികളും പാഴാവും. എങ്കിലും, നിരാശനാകാതെ അയാള്‍ കൂടുതല്‍ തീവ്രതയോടെ പ്രാര്‍ത്ഥന തുടങ്ങി.
ആ നിമിഷത്തില്‍ ഒരു വൃദ്ധന് അവിടെയെത്തി. യുവാവിന്റെ കഥയെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ വൃദ്ധന് പറഞ്ഞു, ”മകനേ,നീ നിന്റെ അലസത ആദ്യം മാറ്റുക. അദ്ധ്വാനിക്കാതെ ഒന്നും നേടാന്‍ കഴിയില്ല. ഒരു അലസന്റെ യാന്ത്രികമായ പ്രാര്‍ത്ഥനകൊണ്ട് ഒരു ഫലവും സിദ്ധിക്കില്ല. ശ്രീരാമമന്ത്രം കാര്യസാധകമായതുതന്നെയാണ്. നാമം ചുണ്ടില്‍ തീവ്രമായി ഉരുവിട്ടുകൊണ്ട്, നീ നിന്റെ ശക്തിമുഴുവന്‍ ഉപയോഗിച്ച് വണ്ടിയുടെ ചക്രങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിക്കുക. അതോടെ നിന്നില്‍ ശ്രീരാമനോട് ഒരു ശരണാഗതഭാവം വന്നുചേരും. അപ്പോള്‍ എല്ലാ ശക്തികളും നിന്നിലേക്കു പ്രവഹിക്കും. വിജയം സുനിശ്ചിതമാണ്.” അത്രയും പറഞ്ഞ് വൃദ്ധന് പോയി.
യുവാവിന് ഒരു പുതിയ ഉണര്‍വ്വുണ്ടായി. അലസത മാറി. അയാള്‍ക്ക് പുതിയ ഉര്‍ജ്ജവും ആത്മവിശ്വാസവും കൈവന്നു. വൃദ്ധന് പറഞ്ഞതുപോലെ ചുണ്ടില്‍ രാമനാമവുമായി, വണ്ടിയുടെ ചക്രങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. അധികം താമസിയാതെ അയാള്‍ക്ക് അവ ഉയര്‍ത്താന്‍ കഴിഞ്ഞു.
അമ്മ പറഞ്ഞു, ”ഈ കഥ വളരെ ലളിതമാണ്. പക്ഷേ അതില്‍ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്ന സത്യാന്വേഷകര്‍ക്ക് ഒരു സന്ദേശം അടങ്ങിയിരിക്കുന്നുണ്ട്. ആദ്ധ്യാത്മിക ജീവിതം അലസമല്ല. കര്‍മ്മ നിരതമാണ്. പ്രാര്‍ത്ഥനയും പുരുഷപ്രയത്നവും ഏകോപിക്കണം. എങ്കില്‍മാത്രമേ, ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ പുരോഗതിയുണ്ടാവൂ.”
വിവ: കെ.എന്‍.കെ.നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: