ഗോയിയാനിയ: കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയമെന്ന കൊളംബിയയുടെ സ്വപ്നം വെനസ്വേല ഗോളിയുടെ ഉജ്ജ്വല പ്രകടനത്തിന് മുന്നില്‍ തകര്‍ന്നു. കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഗോളെന്നുറച്ച ഷോട്ടുകളാണ് വെനസ്വേല ഗോളി വുളിക്കര്‍ ഫാരിനെസ് അത്ഭുതകരമായി രക്ഷപ്പെടുത്തി വീരനായകനായത്.
ടീമിലെ 12 താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതുമൂലം രണ്ടാം നിര ടീമുമായി കളിക്കാനിറങ്ങിയ വെനസ്വേല മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ ബ്രസീലിനോട് തോല്‍വി വഴങ്ങിയ ടീമിന് ജയത്തോളം പോന്ന സമനിലയാണിത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നിട്ടും വെനസ്വേല വല കുലക്കാന്‍ കൊളംബിയയ്ക്ക് സാധിച്ചില്ല. കളിയിലുടനീളം അവര്‍ പായിച്ചത് 23 ഷോട്ടുകള്‍. അതില്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയത് എട്ടെണ്ണം. എന്നിട്ടും ക്രോസ്ബാറിന് കീഴില്‍ ബാലികേറാമലയായി നിലയുറപ്പിച്ച വുളിക്കര്‍ ഫാരിനെസിനെ ഒരിക്കല്‍ പോലും കീഴടക്കാന്‍ കഴിഞ്ഞില്ല.
മത്സരത്തിന്റെ തുടക്കം മുതല്‍ കൊളംബിയ ആധിപത്യം പുലര്‍ത്തി. മൂന്നാം മിനിട്ടില്‍ തന്നെ മികച്ച അവസരം കൊളംബിയയുടെ ഉറിബെക്ക് ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാനായില്ല. പിന്നാലെ നിരന്തരം ആക്രമണം അഴിച്ചുവിട്ട് വെനസ്വേല ഗോള്‍മുഖത്ത് ഭീതി ജനിപ്പിക്കാന്‍ കൊളംബിയയ്ക്ക് കഴിഞ്ഞു.
രണ്ടാം പകുതിയിലും കൊളംബിയ മികച്ച ആക്രമണങ്ങളുമായി കളം നിറഞ്ഞു. പക്ഷേ ഫിനിഷിങ്ങിലെ പോരായ്മകള്‍ ടീമിന് തിരിച്ചടിയായി. സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസിന്റെ വിടവ് കളിയിലുടനീളം പ്രകടമായി. 53-ാം മിനിട്ടില്‍ കൊളംബിയയുടെ ഉറിബെയുടെ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്ക് അവിശ്വസനീയമായി തട്ടിയകറ്റി വെനസ്വേല ഗോള്‍കീപ്പര്‍ ഫാരിനെസ് ആരാധകരുടെ മനം കവര്‍ന്നു. ഇടയ്ക്ക് രണ്ട് തവണ കളി കൈയാങ്കളിയിലേക്കും നീണ്ടു.
ഗോളടിക്കാനായി താരങ്ങളെ കൊളംബിയ മാറ്റി പരീക്ഷിച്ചെങ്കിലും ഫാരിനെസിന് മുമ്പില്‍ അതെല്ലാം വിഫലമായി. കളിയവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ലൂയിസ് ഡയസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് കൊളംബിയയ്ക്ക് തിരിച്ചടിയായി. തൊട്ടുപിന്നാലെ കളി അവസാനിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: