ന്യൂദല്‍ഹി : രാജ്യത്തെ ഒരുലക്ഷത്തോളം കോവിഡ് മുന്നണി പോരാളികള്‍ക്കായി പ്രത്യേകം പരീശീലനം സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആറ് വ്യത്യസ്ത കോഴ്സുകളിലായാണ് ഇവര്‍ക്ക് പരിശീലനം സംഘടിപ്പിക്കുന്നത്. സ്കില്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് നിലവില്‍ പരീശീലനം സംഘടിപ്പിക്കുന്നത്.
ബേസിക് കെയര്‍ ഹെല്പര്, ഹോം കെയര്‍ ഹെല്പര്, അഡ്വൈസ് കെയര്‍ ഹെല്പര്, മെഡിക്കല്‍ ഇന്‍സ്ട്രമെന്റ് ഹെല്പര്, എമര്‍ജന്‍സി കെയര്‍ ഹെല്പര്, സാമ്പിള്‍ കളക്ഷന്‍ ഹെല്പര് എന്നീ വിഭാഗങ്ങളിലെ മുന്നണി പോരാളികള്‍ക്ക് പരിശീലനം നല്‍കുക. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കും. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ആറിന കോഴ്സുകളുടെ ഉദ്ഘാടനം നിര്‍വഹിക്കവേയായിരുന്നു പ്രധാനമന്ത്രി.
കോവിഡ് രണ്ടാം തരംഗത്തില്‍ കൊറോണ വൈറസിന് ജനിതക വ്യാപനം രാജ്യത്ത് ആശങ്ക ഉയര്‍ത്തിയിരുന്നു. ഈ പ്രതിസന്ധി ചിലപ്പോള്‍ വീണ്ടും ഉണ്ടായേക്കാം. അതിനാല്‍ ജാഗ്രത തുടരേണ്ടതുണ്ട്. വൈറസിനെ പ്രതിരോധിക്കുന്നതിനായി രാജ്യം ഇനിയും തയ്യാറെടുപ്പുകള്‍ നടത്തേണ്ടതായുണ്ട്. ഇതിന്റെ ഭാഗമായാണ് മു്ന്നണി പോരാളികള്‍ക്കായി പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നത്.
പുതിയ ക്രാഷ് കോഴ്സിലൂടെ നിരവധി പേര് മുന്‍നിര പ്രവര്‍ത്തന രംഗത്തെത്തുന്നതോടെ ആരോഗ്യമേഖലയ്ക്ക് പുതിയ ഊര്‍ജം കൈവരും. ആരോഗ്യ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ക്കും ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കും. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 3.0 പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. ഇതിനായ 276 കോടിയാണ് വകയിരുത്തുന്നത്.
ഇന്ത്യയിലെ എല്ലാ ജില്ലയിലേക്കും സേവനം എത്തിക്കാനാവുന്ന രീതിയിലാണ് പ്രവര്‍ത്തനം. ഇതിനായി മനുഷ്യവിഭവശേഷിയുടെ ആവശ്യമുണ്ട്. രണ്ട് മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാകും. സേവനത്തിനായി വേഗത്തില്‍ ഇവര്‍ സജ്ജരാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: