തൃശൂര്‍: കൊടകര കവര്‍ച്ചക്കേസില്‍ സിപിഎം നുണപ്രചാരണങ്ങളുടെ മുനയൊടിഞ്ഞു. സംഭവത്തിന് പിന്നില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്നും പണം കൊണ്ടുവന്നയാള്‍ ആര്‍എസ്എസ് ഭാരവാഹിയാണെന്നുമായിരുന്നു സിപിഎം പ്രചാരണം. ഒരു വിഭാഗം മാധ്യമങ്ങളും അതേറ്റുപിടിച്ചു.
പോലീസ് അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ ചിത്രം തെളിയുകയാണ്. കൊടകര ദേശീയപാതയില്‍ കാര്‍ തടഞ്ഞ് കവര്‍ച്ച ചെയ്ത കേസില്‍ അറസ്റ്റിലായ 21 പേരില്‍ ഒന്‍പത് പ്രതികള്‍ സിപിഎം-സിപിഐ പ്രവര്‍ത്തകരാണ്. മറ്റ് ചിലര്‍ മുസ്ലീം ലീഗുമായും എസ്ഡിപിഐയുമായും ബന്ധമുള്ളവര്‍. ഇനി പിടിയിലാകാനുള്ള ഷിഗില്‍ എന്ന പ്രതിയാകട്ടെ കണ്ണൂരിലെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട സിപിഎം പ്രവര്ത്തകന്. പണം കൊണ്ടുവന്ന ധര്മ്മരാജന് ആര്‍എസ്എസുമായി എന്ത് ബന്ധമെന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരമില്ല.
സിപിഎം നേതൃത്വം സ്ഥിരമായി പയറ്റുന്ന തന്ത്രമാണ് കൊടകരയിലും പരാജയപ്പെട്ടത്. മാസങ്ങള്‍ക്ക് മുന്‍പ് ചൊവ്വന്നൂര്‍ ചിറ്റിലങ്ങാട് വെച്ച് സിപിഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപ് കുത്തേറ്റ് മരിച്ചപ്പോള്‍ സിപിഎം നേതൃത്വം ആര്‍എസ്എസിനും ബിജെപിക്കുമെതിരെ രംഗത്ത് വന്നിരുന്നു. കുത്തേറ്റ് വീണ സനൂപിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും തയാറാകാതെ മണിക്കൂറുകളോളം നടുറോഡില്‍ കിടത്തിയായിരുന്നു ആരോപണവും പ്രതിഷേധവും.
പത്ത് മണിക്കൂറിനു ശേഷം അന്ന് മന്ത്രിയായിരുന്ന എ.സി.മൊയ്തീന് സംഭവസ്ഥലത്തെത്തിയ ശേഷമാണ് പോലീസിനെ മൃതദേഹം മാറ്റാന്‍ അനുവദിച്ചത്. ആര്‍എസ്എസും ബിജെപി യുമാണ് കൃത്യത്തിന് പിന്നിലെന്ന് മൊയ്തീന് ആരോപിക്കുകയും ചെയ്തു. പക്ഷേ പോലീസ് അന്വേഷണം മുറുകിയതോടെ ചിത്രം മാറി. പിടിയിലായത് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു. ചികിത്സ നിഷേധിച്ച് റോഡില്‍ പത്ത് മണിക്കൂറോളം കുത്തേറ്റയാളെ കിടത്തിയതാണ് മരണകാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാവുകയും ചെയ്തു.
കണ്ണൂരിലെ ഫസല്‍ വധക്കേസിലും സമാനമായ കുപ്രചാരണമാണ് സിപിഎം ആദ്യഘട്ടത്തില്‍ നടത്തിയത്. ഒടുവില്‍ കേസ് തെളിഞ്ഞപ്പോള്‍ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഉള്‍പ്പെടെ പിടിയിലായി. തിരുവനന്തപുരത്ത് സ്വാമി സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിലും സിപിഎം നേതൃത്വം ആദ്യം ആര്‍എസ്എസിനെ കുറ്റപ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് സ്ഥലം സന്ദര്‍ശിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിനെ കേസ് ഏല്‍പ്പിച്ചു. പക്ഷേ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ആശ്രമത്തിലുള്ള ചിലര്‍ തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് സംസാരമുയര്‍ന്നതോടെ അന്വേഷണവും നിലച്ചു. സമാനമായ രീതിയിലാണ് കൊടകര സംഭവത്തിലും തുടക്കം മുതല്‍ സിപിഎമ്മും ചില മാധ്യമങ്ങളും അസത്യപ്രചാരണം നടത്തുന്നതെന്ന് ആര്‍എസ്എസ്, ബിജെപി നേതൃത്വങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മുത്തൂറ്റ് പോള്‍ എം ജോര്‍ജ്ജ് കൊല്ലപ്പെട്ട സമയത്ത് പോലീസ് എസ് കത്തി കണ്ടെടുത്തതോടെ ഇത്തരം കത്തി ആര്‍എസ്എസുകാരുടെയാണെന്ന് പറഞ്ഞ് സിപിഎം ഇറങ്ങിയിരുന്നു. ഇത്തരം നിരവധി സംഭവങ്ങളാണ് ഉള്ളത്. കേസുണ്ടായാല്‍ ഉടന്‍ ബിജെപിക്കും ആര്‍എസ്എസിനും എതിരെ ആരോപണം ഉന്നയിക്കും. മാധ്യമങ്ങള്‍ ഇതേറ്റു പിടിക്കും. കഥകള്‍ മെനയും. നാളുകള്‍ കഴിയുന്നതോടെ ഇത് അവസാനിപ്പിക്കും. അതിനകം നുണ നാട്ടിലാകെ പാട്ടായിട്ടുണ്ടാകും. സത്യവും പുറത്തുവരും. പക്ഷെ അത് മാധ്യമങ്ങള്‍ മുക്കും. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് ആരും തിരുത്താറില്ല. ഇങ്ങനെയുള്ള വ്യാജ ആരോപണങ്ങള്‍, സത്യം പുറത്തു വന്ന ശേഷം പോലും തങ്ങള്‍ക്കു വേണ്ട സമയത്ത് പ്രചരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: