കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ സമീപിക്കും. ഇ ഡിക്കെതിരായ ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണത്തിനെതിരെയാണിത്.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പത്രപരസ്യത്തിലൂടെ തെളിവു തേടുന്നത് കോടതിയില്‍ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയാലുടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. അന്വേഷണം അട്ടിമറിക്കാനാണ് കമ്മീഷന്റെ ശ്രമമെന്ന് ഇ ഡി ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി വിധിക്കെതിരാണ് സര്‍ക്കാര്‍ നടപടിയെന്നും സമാന്തര അന്വേഷണം അനുവദിക്കാനാകില്ലെന്നും പ്രതികള്‍ക്ക് അന്വേഷണത്തിലുള്ള അതൃപ്തി വിചാരണ കോടതിയെ അറിയിക്കാമെന്നും ഇ ഡി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനന് കമ്മീഷന് പരസ്യം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ പരാതികള്‍ പൊതുജനങ്ങള്‍ സത്യവാങ്മൂലമായി നല്‍കാനാണ് പരസ്യത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് വ്യക്തികള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നു വിവരം തേടാനാണ് ജുഡീഷല്‍ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് വി.കെ. മോഹനന് പത്രപരസ്യം നല്‍കിയത്. വികസന പദ്ധതികള്‍ തടസ്സപ്പെടുത്തുന്നുവെന്നും ഡോളര്‍, സ്വര്‍ണക്കടത്ത് അന്വേഷണങ്ങള്‍ വഴിതിരിച്ചു വിടുന്നുവെന്നും ആരോപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംസ്ഥാന സര്‍ക്കാരിനെതിരെ ഇ ഡിയെയും കസ്റ്റംസിനെയും കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും ആരോപിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിനെതിരെ ഇ ഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇ ഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു ഏജന്‍സി നടത്തുന്ന അന്വേഷണത്തില്‍ മറ്റൊരു ഏജന്‍സിക്ക് അവകാശമില്ലെന്ന നിരീക്ഷണത്തിലാണ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് കേസ് റദ്ദാക്കിയത്. നിയമപരമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്നും, ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും കോടതി നിര്‍ദേശിച്ചു. ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറും കോടതി റദ്ദാക്കിയിരുന്നു. കോടതിയുടെ തീരുമാനം സംസ്ഥാന സര്‍ക്കാരിന് കടുത്ത തിരിച്ചടിയായി. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: