ബ്യൂനസ് ഐറിസ്: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ഗോള്‍ അടിച്ചിട്ടും അര്‍ജന്റീനയ്ക്ക് ജയിക്കാനായില്ല. ചിലിയുമായുള്ള അവരുടെ മത്സരം ലോകകപ്പ് യോഗ്യതാ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ നേടി.
ആദ്യ പകുതിയിലാണ് മെസി ചിലിയുടെ വല കുലുക്കിയത്. ചിലിയുടെ ബോക്സിനകത്ത് വച്ച് അര്‍ജന്റീനിയന്‍ താരം മാര്‍ട്ടിനസിനെ ഗ്യുല്ലേര്മോ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസി ഗോളാക്കി മാറ്റുകയായിരുന്നു.
ഗോള്‍ വീണതോടെ തകര്‍ത്തുകളിച്ച ചിലി മുപ്പത്തിയേഴാം മിനിറ്റില്‍ സമനില പിടിച്ചു. ഗാരി മെഡല്‍ നീട്ടക്കൊടുത്ത പന്ത് ചിലിയന്‍ സ്ട്രൈക്കര്‍ സാഞ്ചസ് അര്‍ജന്റീനയുടെ വലയിലേക്ക് തിരിച്ചുവിട്ടു.
ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ഗോള്‍ നേടാന്‍ മെസിക്ക് അവസരം ലഭിച്ചാണ്. പക്ഷെ മെസി തൊടുത്തുവിട്ട ഫ്രീ കിക്ക് ചിലി ഗോളി ക്ലോഡിയോ ബ്രാവോ രക്ഷപ്പെടുത്തി.
ഈ സമനിലയോടെ അര്‍ജന്റീന പത്ത് അംഗ ദക്ഷിണ അമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അഞ്ചു മത്സരങ്ങളില്‍ അവര്‍ക്ക് പതിനൊന്ന് പോയിന്റുണ്ട്. അര്‍ജന്റീനയെക്കാള്‍ ഒരു പോയിന്റ് കൂടുതലുള്ള ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. ബ്രസീല്‍ അടുത്ത മത്സരത്തില്‍ ഇക്വഡോറിനെ നേരിടും. അഞ്ചു മത്സരങ്ങളില്‍ അഞ്ചു പോയിന്റുള്ള ചിലി ആറാം സ്ഥാനത്താണ്.
ദക്ഷിണ അമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ നിന്ന് ആദ്യ നാലു സ്ഥാനക്കാര്‍ക്കാണ് ഖത്തര്‍ ലോകകപ്പില്‍ കളിക്കാന്‍ യോഗ്യത ലഭിക്കുക.
മറ്റൊരു മത്സരത്തില്‍ ബൊളീവിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വെനിസ്വലയെ തോല്‍പ്പിച്ചു. ഉറുഗ്വെയും പരാഗ്വയും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: