കൊല്‍ക്കൊത്ത: ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമത്തില്‍ വീടുപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നവര്‍ക്ക് സംസ്ഥാന നിയമ സേവന അതോറിറ്റിയെ സമീപിക്കാമെന്ന് കൊല്‍ക്കൊത്ത ഹൈക്കോടതി.
ബിജെപി നേതാവും അഭിഭാഷകയുമായ പ്രിയങ്ക ടിബര്‍വാള്‍ ഫയല്‍ ചെയ്ത പരാതിയിലാണ് ഹൈക്കോടതിയുടെ വിധി. ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമത്തില്‍ വീട് നഷ്ടമായവരില്‍ നിന്നും തനിക്ക് പരാതി ലഭിച്ചെന്നും സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ അവര്‍ ഭയപ്പെടുന്നുവെന്നും ടിബര്‍വാള്‍ സത്യവാങ്മൂലത്തില്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
ഈ കേസ് സംബന്ധിച്ച് നേരത്തെ മെയ് 31 പുറപ്പെടുവിച്ച മറ്റൊരു വിധിയില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനാവശ്യമായ മേല്‍നോട്ടത്തിന് ഒരു മൂന്നംഗ സമിതിയെ ഹൈക്കോടതി നിയമിച്ചിരുന്നു. ഇവരെ വീണ്ടും പഴയ സ്ഥലത്ത് പുനരധിവസിപ്പിക്കുന്നത് സംസ്ഥാനസര്‍ക്കാരിന്റെ ചുമതലയാണെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഇതേ തുടര്‍ന്ന് മൂന്നംഗ സമിതി ജൂണ്‍ 3ന് കോടതിയില്‍ എന്റലി എന്ന പ്രദേശത്ത് നിന്ന് അക്രമം മൂലം വീടൊഴിഞ്ഞ് ഓടിപ്പോയവരെ പുനരധിവസിപ്പിക്കാന്‍ എടുത്ത നടപടികള്‍ വിശദീകരിച്ച് ഒരു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വീട് വിട്ട് ഓടിപ്പോയവര്‍ക്ക് പഴയ വീട്ടിലേക്ക് മടങ്ങിയെത്താന്‍ വേണ്ട സാഹചര്യമൊരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ആളുകള്‍ സമാധാനത്തോടെ മടങ്ങിവന്ന് വീടുകളില്‍ താമസിച്ച് തുടങ്ങിയോ എന്നത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ബെഞ്ച് മൂന്നംഗസമിതിയോട് ആവശ്യപ്പെട്ടിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമത്തില്‍ വീട് വിട്ട് ഓടിപ്പോയവര്‍ക്ക് ബംഗാള്‍ സംസ്ഥാന നിയമ സേവന അതോറിറ്റിയ്ക്ക് പരാതി ഇ-മെയില്‍ ആയി അയച്ചാല്‍ ആവശ്യമായ നടപടിയെടുത്തിരിക്കണമെന്നും ഹൈക്കോടതി വെള്ളിയാഴ്ച വിധിയില്‍ പറഞ്ഞു. പരാതിക്കാരില്‍ പലരും ഇ-മെയില്‍ അയയ്ക്കാന്‍ കഴിയുന്നവരല്ലെന്ന് ബിജെപി നേതാവും അഭിഭാഷകയുമായ പ്രിയങ്ക ടിബര്‍വാള്‍ അറിയിച്ചപ്പോള്‍ പരാതിക്കാരെ മുഴുവന്‍ ചേര്‍ത്ത് ഒരു സംയുക്തപരാതി ടിബര്വാളോ മറ്റ് അഭിഭാഷകരോ അയച്ചാല്‍ മതിയെന്നും ഹൈക്കോടതി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമാണ് ബിജെപിയ്ക്ക് വോട്ട് ചെയ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ബിജെപിയ്ക്ക് വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ച യുവതിയെ തൃണമൂല്‍ ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. നൂറുകണക്കിന് ബിജെപി കുടുംബങ്ങളാണ് അക്രമം സഹിക്കാനാവാതെ ഗ്രാമം വിട്ട് അയല്‍സംസ്ഥാനമായ അസമിലേക്ക് ഓടിപ്പോകേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: