‘സ്തുതിപാഠകരല്ല, വിമര്‍ശകരാണ് അഭ്യുദയകാംഷികള്‍’ എന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയി പറഞ്ഞത് ഓര്‍ക്കുകയാണ്. പക്ഷേ വിമര്‍ശനം കലര്‍പ്പും കാപട്യവും ഇല്ലാത്തതാകണം. മരം മറഞ്ഞ് വനം കാണാത്തതുപോലെയാകരുത് വിമര്‍ശനം. ഇത്രയും കുറിക്കാന്‍ കാരണം ഡോ. മേരി ജോര്‍ജ്ജ് ജന്മഭൂമിയില് (ജൂണ്‍-2) എഴുതിയ ലേഖനം കണ്ടതുകൊണ്ടാണ്.
സുദീര്‍ഘമായ ലേഖനത്തിന്റെ ആദ്യഭാഗം കലര്‍പ്പില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ലേഖനത്തിന്റെ മൂന്നാം ഭാഗത്തില്‍ കാതലായ പന്തികേടുണ്ട്. സാമ്പത്തികമേഖലയെക്കുറിച്ച് നല്ല പാണ്ഡ്യത്വമുള്ള ഡോ. മേരിജോര്‍ജ്ജിന്റെ നിഗമനമാണോ ഇതെന്നുപോലും സംശയിച്ചുപോകും. വിമര്‍ശനത്തിന്റെ ഒരു ഘട്ടത്തില്‍ നീതി ആയോഗിന്റെ ഭാഗമായ സര്‍വ്വാദരണീയരായ കാര്‍ഷിക വിദഗ്ധരായ അശോക് ഗുലാത്തി, രമേശ് ചന്ദ് എന്നിവരെ അപഹസിക്കുന്നതുവരെ എത്തി. ഗവര്മെന്റിനോടൊത്തുചേര്ന്ന് ഇനാമും സ്ഥാനമാനങ്ങളും നേടലാണോ അവരുടെ ലക്ഷ്യമെന്നും ലേഖിക സംശയിക്കുകയാണ്.
കാര്‍ഷിക രംഗത്തെ നിയമ നിര്‍മ്മാണം അവര്‍ക്ക് സഹിക്കുന്നില്ലെന്ന് കാണുമ്പോള്‍ സാമ്പത്തിക വിദഗ്ധ ഇടത്തട്ടുകാരോടൊപ്പമാണോ എന്ന് സംശയിച്ചുപോകും. രാജ്യം കര്‍ഷകര്‍ക്കൊപ്പമാണ്. ഇടത്തട്ടുകാരോടൊപ്പമല്ല. നിയമനിര്‍മ്മാണം കര്‍ഷകര്‍ക്കുവേണ്ടിയാണ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിതവും മാന്യവുമായി വില കര്ഷകന് ലഭിക്കണം. കഴിഞ്ഞ കാലങ്ങളിലൊന്നും അതുണ്ടായില്ല. കേരളത്തില്‍ തന്നെ എത്രയോ ഉദാഹരണങ്ങളുണ്ട്. ഇടുക്കിയില്‍ ഒരു കിലോ തക്കാളി ഉല്പാദിപ്പിക്കാന് അഞ്ചോ ഏഴോ രൂപ ചെലവാകുമ്പോള്‍ ഇടനിലക്കാരന് നാലോ അഞ്ചോ രൂപയ്ക്ക് വാങ്ങും. കമ്പോളത്തില്‍ അത് നാല്പതും അന്‍പതും അതിലധികവും രൂപയ്ക്ക് വില്‍ക്കും. എല്ലാ വസ്തുക്കളും അങ്ങനെയാണ്. ഉല്പാദകനും ഉപഭോക്താവിനും ഗുണമില്ലാത്ത അവസ്ഥ. അത് മറികടക്കേണ്ടതല്ലെ?
കര്‍ഷകന്റെ പേരില്‍ ദല്ലാളുകള്‍ സമരം സംഘടിപ്പിക്കുന്നതാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ പോലീസ് മുറയല്ല പ്രയോഗിച്ചത്. നിരന്തരമായി ചര്‍ച്ചക്ക് തയ്യാറായി. ബിജെപി വിരുദ്ധരുടെ കയ്യാളുകളായ സമരക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ ശുദ്ധഗതിയെ തെറ്റായി വ്യാഖ്യാനിക്കുന്നു. അതില്പ്പെട്ടുപോകരുതായിരുന്നു സാമ്പത്തിക വിദഗ്ധര്‍.
രാജ്യത്തിന്റെ ചരിത്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഉറങ്ങുന്ന സംവിധാനമല്ല. മാങ്ങയുള്ള മാവിനുമാത്രമേ കല്ലേറ് നേരിടേണ്ടി വരൂ എന്ന് പറയാറില്ലേ ? അതുപോലെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. ചെയ്യാന്‍ കഴിയുന്നത് പറയുക, പറയുന്നത് ചെയ്യുക. കഴിഞ്ഞ ഏഴ് വര്‍ഷവും അങ്ങനെയായിരുന്നു. വരും വര്‍ഷവും അങ്ങനെയാവും. ഏറ്റവും ഒടുവിലത്തെ ബജറ്റ് തന്നെ അതിന് ഉദാഹരണമല്ലെ. മഹാമാരി ഓര്‍ക്കാപ്പുറത്തെ കെടുതി വിതച്ചപ്പോള്‍ കരുതലോടെ തയ്യാറാക്കിയവതരിപ്പിച്ച ബജറ്റ് കഴിഞ്ഞ ബജറ്റിന്റെ ആവര്‍ത്തനമല്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ പറഞ്ഞ് പൂര്‍ത്തിയാക്കിയതോ തുടങ്ങിവച്ചത് പൂര്‍ത്തിയാക്കാനോ ഉള്ളതിന്റെ പ്രഖ്യാപനങ്ങളാണ്. ലോകം പകച്ചുനില്ക്കുമ്പോള് ഇന്ത്യ പിടിച്ചുനി
ല്ക്കാനല്ല കുതിച്ചുമുന്നേറാനാണ് തയ്യാറെടുത്തത്. അത് പ്രതിഛായ തിരിച്ചു പിടിക്കാനുള്ള പ്രയത്നമായി ചിത്രീകരിക്കുന്നവരോട് സഹതാപമേയുള്ളൂ. സഹസ്രാബ്ദങ്ങളായി ഒന്നിച്ചു നീങ്ങുന്നവരുടെ അടിവേരുകള്‍ അറുക്കുന്ന ഒരു നിയമനിര്‍മ്മാണവും മോദി സര്‍ക്കാര്‍ നടത്തിയിട്ടില്ല, നടത്തുകയുമില്ല. ദാരിദ്ര്യവും രോഗവും അനുഭവിക്കുന്നവരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളെ ലോകം അംഗീകരിക്കുന്നു. എല്ലാവര്ക്കും വേണ്ടി, എല്ലാവര്ക്കും ഒപ്പം എന്നതിന്റെ തെളിവല്ലെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍. ഇത് എല്ലാവര്ക്കും വേണ്ടിയല്ലെ. ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ നോക്കാം.
- സൗജന്യപാചകവാതകം ലഭ്യമാക്കുന്ന ഉജ്ജ്വല പദ്ധതിയിലേക്ക് ഒരു കോടി കുടുംബങ്ങള്‍ കൂടി.
- ആരോഗ്യ മേഖലയ്ക്ക് പിഎം സ്വസ്ഥ് ഭാരതി യോജന പ്രകാരം 64,180 കോടി രൂപയുടെ പാക്കേജ്.
- കൃഷി കാര്‍ഷികക്ഷേമ മന്ത്രാലയത്തിന് 1,31,531 കോടി.
- കര്‍ഷകര്‍ക്ക് ഉല്പാദനച്ചെലവിന്റെ ഒന്നര ഇരട്ടി വില ഉറപ്പാക്കും.
- ആരോഗ്യ മേഖലയ്ക്ക് 2.24 ലക്ഷം കോടി.
- പ്രതിരോധ മേഖലയ്ക്കാടി 4.78 ലക്ഷം കോടി.
- ഊര്‍ജ്ജമേഖലയ്ക്ക് അഞ്ചുവര്‍ഷത്തേയ്ക്ക് 3.05 ലക്ഷം കോടി.
- ശുദ്ധവായു ഉറപ്പാക്കാന്‍ പ്രധാന 42 നഗരങ്ങളില്‍ 2,217 കോടിയുടെ പദ്ധതി.
- ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്ന ജലജീവന്‍ ദൗത്യത്തിന് 2.87 ലക്ഷം കോടി.
- കൊവിഡ് വാക്സിനേഷന് 35,000 കോടി.
- കാര്‍ഷിക വായ്പയ്ക്ക് 16.5 ലക്ഷം കോടി.
- 75 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ആദായനികുതി റിട്ടേണ്‍ വേണ്ട.
- ആദായ നികുതി നിരക്കില്‍ മാറ്റമില്ല.
- പെട്രോളിന് രണ്ടരരൂപയും ഡീസലിന് നാലുരൂപയും കാര്‍ഷിക സെസ്; ഇറക്കുമതി തീരുവ കുറച്ചതിനാല്‍ ഇന്ധനവില ഉയരില്ല.
- റെയില്‍വേയ്ക്ക് 1.10 ലക്ഷം കോടി.
- പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരട്ട നികുതി ഒഴിവാക്കി.
- സ്വച്ഛ്ഭാരത് മിഷന് രണ്ടാം ഘട്ടത്തിന് 1,41,678 കോടി.
- സ്വകാര്യവാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും കാലാവധി.
- ഡിജിറ്റല്‍ സെന്‍സസിന് 3,768 കോടി.
- കസ്റ്റംസ് തീരുവ കുറച്ചു, സര്‍ണം, വെള്ളി വില കുറയും.
- ദേശീയ ഗവേഷണ ഫൗണ്ടേഷന് അഞ്ചുവര്‍ഷത്തെ അടങ്കല്‍ തുക 50,000 കോടി.
- സമുദ്ര ഗവേഷണത്തിന് 4,000 കോടി.
- ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് 15,700 കോടി.
- ഡിജിറ്റല്‍ പേമെന്റ് പ്രോത്സാഹനത്തിന് 1,500 കോടി.
- താങ്ങുവിലകള്‍ ഇരട്ടിയാക്കലും മണ്ഡികളുടെ അടിസ്ഥാന സൗകര്യവികസനവും ലക്ഷ്യം.
- ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 15,000 സ്കൂളുകളുടെ നവീകരണം.
- പുതിയ നൂറു സൈനിക സ്കൂളുകള്‍, ഗിരിവര്‍ഗ മേഖലകളില്‍ 700 ഏകലവ്യ സ്കൂളുകള്‍.
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 73,000 കോടി.
- ദേശീയ വിദ്യാഭ്യാസ ദൗത്യത്തിന് 34,300 കോടി
- 11,000 കിലോമീറ്റര്‍ ദേശീയ പാതാ കോറിഡോറുകള്‍ നിര്‍മ്മിക്കും.
- ബസ് ഗതാഗത സംവിധാനത്തിന് 18,000 കോടി.
- സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയിലേക്ക് നൂറു നഗരങ്ങള്‍ കൂടി.
- ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനമാക്കി.
- ഇതൊന്നും ഒരു വ്യക്തിയുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കാനുള്ളതല്ല, രാജ്യത്തിന്റെയും നൂറ്റിമുപ്പത്തിയാറ് കോടി ജനങ്ങളുടെയും അഭിവൃദ്ധിക്കുവേണ്ടയാണെന്ന് ഓര്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: