ന്യൂദല്‍ഹി: ട്വിറ്ററിന്റെ ഇരട്ടത്താപ്പ് നയങ്ങള്‍ ഉദാഹരണങ്ങള്‍ നിരത്തി കേന്ദ്രം ചൂണ്ടിക്കാട്ടുമ്പോള്‍ ട്വിറ്റര്‍ പ്രതിരോധത്തിലാവുന്നു. യുഎസിനെ ബാധിക്കുന്ന വിഷയങ്ങളോടും ഇന്ത്യയെ ബാധിക്കുന്ന വിഷയങ്ങളോടും ട്വിറ്ററിന് രണ്ട് തരം സമീപനങ്ങളാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദാഹരണം നിരത്തി ആരോപിക്കുന്നു.
യുഎസിലെ കാപിറ്റോള്‍ ഹില്ലില്‍ അക്രമം നടന്നപ്പോള്‍ അക്രമികള്‍ക്കെതിരെ സ്വമേധ നടപടിയെടുക്കാന്‍ ട്വിറ്റര്‍ തയ്യാറായി. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കിപ്പുറം ദല്‍ഹിയിലെ ചെങ്കോട്ടയില്‍ അക്രമമുണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അക്രമികള്‍ക്കെതിരെയും അവരെ പിന്തുണയ്ക്കുന്നവര്ക്കെതിരെയും നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും ട്വിറ്റര്‍ അനങ്ങിയില്ല,’ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
മറ്റൊരു ഉദാഹരണം ലഡാക്കിലെ ചില സ്ഥലങ്ങള്‍ ചൈനയുടേതാണെന്ന് ട്വിറ്ററിന്റെ ഭൗമ-ലൊക്കേഷന്‍ മാപ്പ്. അടയാളപ്പെടുത്തിയ സംഭവമാണ്. അതും ചൈനയും ഇന്ത്യയും തമ്മില്‍ ലഡാക്ക് പ്രശ്നത്തില്‍ ഉഭയകക്ഷിചര്‍ച്ചയിലൂടെ അതിര്‍ത്തിപ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ട്വിറ്ററിന്റെ ഈ വിവാദ നീക്കം. ‘ഇന്ത്യയുടെ അഖണ്ഡതയും വൈകാരികതയും അപമാനിക്കുന്ന ഈ ജിയോ ലൊക്കേഷന്‍ മാപ്പ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് പലവട്ടം കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതിന് ശേഷമാണ് ട്വിറ്റര്‍ അതിന് വഴങ്ങിയത്,’ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ട്വിറ്ററിന്റെ ഉത്തരവാദിത്വമില്ലായ്മയെയും കേന്ദ്രം കുറ്റപ്പെടുത്തുന്നു. വ്യാജവാര്‍ത്തകളും ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും ഉപദ്രവകരമായ ഉള്ളടക്കങ്ങളും ട്വിറ്ററില്‍ കുമിഞ്ഞുകൂടാന്‍ കാരണം ഇതുകൊണ്ടാണെന്നും കേന്ദ്രം ആരോപിക്കുന്നു.
‘അതുപോലെ ജനങ്ങള്‍ക്കിടയില്‍ വാക്സിനോട് സംശയം ഉണര്‍ത്തിവിടാന്‍ വേണ്ടി പ്രതിപക്ഷശക്തികള്‍ ട്വിറ്ററിനെയാണ് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത്. ഇതിനെതിരെ ട്വിറ്റര്‍ ഒരു നടപടിയും എടുത്തില്ല. ഇതാണോ ഇന്ത്യയിലെ ജനങ്ങളോട് ട്വിറ്റര്‍ പുലര്‍ത്തുന്ന പ്രതിബദ്ധത?,’ കേന്ദ്രം ചോദിക്കുന്നു.
‘പണ്ട് ട്വിറ്റര്‍ എന്ന അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനി വിജ്ഞാപനം വഴി വിദേശത്തെ ഒരു ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയോട് അവിടുത്തെ ജനങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ ‘ക്രിയാത്മക സംവാദവും’ ‘സഹകരണ സമീപനവും’ വേണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അഹന്ത കാണിക്കാതെ ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കുക വഴി ആക്ഷേപങ്ങളില്‍ നിന്നും സ്വയം മോചിതരാകാന്‍ ട്വിറ്റര്‍ ശ്രമിക്കേണ്ട സമയമാണിത്,’ സ്വരം കടുപ്പിച്ച് കേന്ദ്രം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: