തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍ വീടു തകര്‍ന്ന മുന്‍ ദേശീയ ഫുട്ബോള്‍ താരം പ്രീത ജെറാള്‍ഡിനും കുടുംബത്തിനും ലുലു ഗ്രൂപ്പ് ചെയര്മാന് ഡോ. എം.എ. യൂസഫലി പ്രഖ്യാപിച്ച പത്തുലക്ഷം രൂപയുടെ സഹായം കൈമാറി. സ്ഥലം എംഎല്‍എയും മന്ത്രിയുമായ ആന്റണി രാജുവും ഡോ.എം.എ. യൂസഫലിക്കുവേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദനും ചേര്‍ന്നാണ് പ്രീതയ്ക്ക് ചെക്ക് കൈമാറിയത്.
തിരുവനന്തപുരം വെട്ടുകാടിലുണ്ടായ രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ പ്രീതയുടെയും സമീപത്തുള്ള സഹോദരി വിനിത സജുവിന്റേയും വീടുകളുടെ അടിത്തറ ഒലിച്ചു പോയിരുന്നു. വീടുകളുടെ ചുമരുകള്‍ നിലംപതിക്കാതിരിക്കാന്‍ മണല്‍ ചാക്കുകള്‍ അടുക്കിവയ്ക്കുന്ന പ്രീതയുടെയും സഹോദരിയുടേയും ചിത്രം നാടിന് കണ്ണീര് കാഴ്ചയായിരുന്നു. വിവരമറിഞ്ഞ യൂസഫലി അടിയന്തര സഹായമായി പത്ത് ലക്ഷം രൂപ നല്‍കുകയായിരുന്നു.
കേരള വനിതാ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റനും ദേശീയ ടീം മുന്‍ അംഗവുമാണ് പ്രീത. കടലോരത്ത് ഓലക്കുടിലില്‍ കഴിഞ്ഞിരുന്ന പ്രീതയുടെ ദയനീയ സ്ഥിതി മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. തുടര്‍ന്ന് 2011 ല്‍ സര്‍ക്കാര്‍ സഹായം അനുവദിച്ചു. അങ്ങനെയാണ് വീട് പണിതത്. സമീപത്തായി സഹോദരിയും വീട് നിര്‍മ്മിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: