അഗര്‍ത്തല: ബ്രിട്ടനിലേക്കുള്ള ചക്കക്കയറ്റുമതിയില്‍ വിജയഗാഥ രചിച്ച് ത്രിപുര. പരീക്ഷണാര്‍ത്ഥം 350 ചക്കകളുടെ ആദ്യ ലോഡ് ബ്രിട്ടനിലേക്ക് അയച്ചതായി ത്രിപുര ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഡയറക്ടര്‍ ഫാനി ഭൂസന്‍ ജമാതിയ.
ചക്ക കയറ്റുമതിയ്‌ക്ക് വലിയ സാധ്യതയുണ്ടെന്ന് ത്രിപുരയിലെ കൃഷിമന്ത്രി പ്രണജിത് സിന്‍ഹ റോയ് പറഞ്ഞു. നേരത്തെ പശ്ചിമേഷ്യയിലേക്ക് കൈതച്ചക്കയും നാരങ്ങയും കയറ്റുമതി ചെയ്തും ത്രിപുര കാര്‍ഷികോല്‍പന്ന കയറ്റുമതിയില്‍ വിജയപ്പതാക പാറിച്ചിരുന്നു. അഗ്രിക്കള്‍ച്ചര്‍ ആന്‍റ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്‍റ് അതോറിറ്റി (എപിഇഡിഎ) ആണ് ബ്രിട്ടനില്‍ നിന്നുള്ള കയറ്റുമതി ഓര്‍ഡര്‍ ത്രിപുരയ്‌ക്ക് നല്‍കിയത്.
‘ആദ്യലോഡ് അയച്ചു. കൈതച്ചക്കക്ക് ശേഷം ഇപ്പോള്‍ ചക്കയും കയറ്റുമതി പട്ടികയില്‍ ഇടം പിടിച്ചു. കര്‍ഷകര്‍, കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍,’- പ്രണജിത് സിന്‍ഹ റോയ് ട്വീറ്റ് ചെയ്തു.
ഗുവാഹത്തിയിലെ ക്രിഷി സന്‍യോഗ അഗ്രി പ്രൊഡ്യൂസര്‍ കമ്പനി ലി ആണ് കീഗഎക്‌സിംസ് പ്രൈവറ്റ് ലിമിറ്റഡ് വഴി ഈ ചരക്ക് അയച്ചത്. തീവണ്ടിയിലാണ് ചക്ക ആദ്യം ദല്‍ഹിയില്‍ എത്തും. അവിടെ നിന്നാണ് ബ്രിട്ടനിലേക്ക് പോവുക. ത്രിപുരയിലെ ചക്കക്ക് പ്രത്യേക രുചിയാണെന്നും ഇതാണ് കമ്പനിയെ ആകര്‍ഷിച്ചതെന്നും ജമാതിയ പറഞ്ഞു.
ട്രയല്‍ റണ്‍ വിജയകരമായാല്‍, ഗുവാഹത്തി ആസ്ഥാനമായുള്ള കയറ്റുമതി കമ്പനി ആഴ്ചയില്‍ അഞ്ച് ടണ്‍ ചക്ക ത്രിപുരയില്‍ നിന്നും വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഡയറക്ടര്‍ ജമാതിയ പറഞ്ഞു. ഗുവാഹത്തി ആസ്ഥാനമായുള്ള കയറ്റുമതി കമ്പനി ഒരു ചക്ക 30 രൂപ എന്ന നിലയിലാണ് എടുക്കുന്നത്. ഈ കമ്പനിക്ക് വിദേശവ്യാപാരത്തിനുള്ള ലൈസന്‍സ് കിട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: