പാരീസ്: കളം നിറഞ്ഞ് കളിച്ച സൂപ്പര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ മികവില്‍ പാരീസ് സെന്റ് ജര്‍മന്‍ (പിഎസ്ജി) ഫ്രഞ്ച് കപ്പ്. ഫൈനലില്‍ പിഎസ്ജി മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മൊണാക്കോയെ പരാജയപ്പെടുത്തി. ഒരു ഗോള്‍ നേടുകയും മറ്റൊരു ഗോളിന് വഴിയും ഒരുക്കിയ എംബാപ്പെയാണ് പിഎസ്ജിയുടെ വിജയശില്‍പ്പി. ഇത് പതിനാലാം തവണയാണ് പിഎസ്ജി ഈ കപ്പ് സ്വന്തമാക്കുന്നത്.
മൊണാക്കോയുടെ പ്രതിരോധതകര്ച്ചയാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. തുടക്കത്തില്‍ തന്നെ മൗമറാ ഇക്കാര്‍ഡി പിഎസ്ജിയെ മുന്നിലെത്തിച്ചു. എംബാപ്പെ നല്കിയ പാസാണ് ഗോളിന് വഴിയൊരുക്കിയത്.
എണ്‍പതാം മിനിറ്റില്‍ എംബാപ്പെ മൊണാക്കോയുടെ വലയിലേക്ക് കോരിയിട്ട പന്ത് നേരിയ വ്യത്യാസത്തിന് മുകളിലുടെ പറഞ്ഞുപോയി. തൊട്ടു പിന്നാലെ എംബാപ്പ ഗോളും നേടി. എയ്ഞ്ചല്‍ ഡി മരിയയുടെ പാസ് മുതലാക്കിയാണ് എംബാപ്പെ ലക്ഷ്യം കണ്ടത്. ഫ്രഞ്ച് കപ്പ് നേടിയതോടെ പിഎസ്ജിക്ക് ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ ഇരട്ട കിരീടം നേടാന്‍ അവസരം ഒരുങ്ങിയിരിക്കുകയാണ്. ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ഞായറാഴ്ച അവസാന മത്സരത്തില്‍ ഇറങ്ങും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തു്ള്ള ലില്ലിയെക്കാള്‍ ഒരു പോയിന്റിന് പിന്നിലാണ് പിഎസ്ജി . ഭാഗ്യം തുണച്ചാല്‍ അവര്‍ക്ക് ഫ്രഞ്ച് ലീഗ് കിരീടവും സ്വന്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: