ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ഉറപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക് അപ്രതീക്ഷിത തോല്‍വി. പോയിന്റ് പട്ടികയില്‍ പതിനേഴാം സ്ഥാനത്തായിരുന്ന ബ്രൈറ്റനാണ് ചാമ്പ്യന്മാരെ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ അട്ടിമറിച്ചത്. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന ശേഷമായിരുന്നു ബ്രൈറ്റന്റെ ഐതിഹാസികമായ ജയം. ലീഗ് ചരിത്രത്തില്‍ സിറ്റിക്കെതിരെ ബ്രൈറ്റന്റെ ആദ്യ ജയമാണിത്.
പത്താം മിനിറ്റില്‍ ഡിഫന്‍ഡര്‍ ജാവോ കാന്‍സലോ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയശേഷം പത്തുപേരുമായാണ് സിറ്റി കളിച്ചത്. ഇതും അവര്‍ക്ക് തിരിച്ചടിയായി. സിറ്റിക്കുവേണ്ടി രണ്ടാം മിനിറ്റില്‍ ഇല്‍കേ ഗുണ്ടോഗന്, 48-ാം മിനിറ്റില്‍ ഫില്‍ ഫോഡന് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബ്രൈറ്റന് വേണ്ടി 50-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡ്, 72-ാം മിനിറ്റില്‍ ആദം വെബ്സ്റ്റര്‍, 76-ാം മിനിറ്റില്‍ ഡാന്‍ ബേണ്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഈ മാസം അവസാനം ചെല്‍സിയെ നേരിടാനൊരുങ്ങുന്ന സിറ്റിക്ക് കനത്ത പ്രഹരമാണ് ബ്രൈറ്റണെതിരായ തോല്‍വി. വിജയത്തോടെ ബ്രൈറ്റണ് 37 കളികളില്‍നിന്ന് 41 പോയിന്റുമായി 15-ാം സ്ഥാനത്തേക്ക് കയറി.
മൂന്നു ദിവസത്തിനിടെ രണ്ടാം തവണയും മുഖാമുഖമെത്തിയ മത്സരത്തില്‍ ലെസ്റ്ററിനെ തകര്‍ത്ത് ചെല്‍സിയും വിജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ജയത്തോടെ ചെല്‍സി 37 കളികളില്‍ നിന്ന് 67 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ജയത്തോടെ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷകളും അവര്‍ സജീവമാക്കി. തോല്‍വിയോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ലെസ്റ്റര്‍ സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. നിലവില്‍ 37 മത്സരങ്ങളില്‍നിന്ന് ലെസ്റ്ററിന് 66 പോയിന്റുണ്ടെങ്കിലും 36 മത്സരങ്ങളില്‍നിന്ന് 63 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ലിവര്‍പൂളിന് അടുത്ത മത്സരത്തില്‍ ബേണ്‍ലിയെ തോല്‍പ്പിച്ചാല്‍ നാലാം സ്ഥാനത്തേക്ക് കയറാം. ലീഗില്‍ ഒരു മത്സരം മാത്രം ശേഷിക്കെ പിന്നീട് ലെസ്റ്ററിന് തിരിച്ചുവരണമെങ്കില്‍ അവസാന മത്സരത്തില്‍ ലിവര്‍പൂള്‍ തോല്‍ക്കേണ്ടിവരും.
സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ ലെസ്റ്ററിനെതിരെ 47-ാം മിനിറ്റില്‍ അന്റോണിയോ റുഡിഗര്‍, 66-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജോര്‍ജീഞ്ഞോ എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. ലെസ്റ്ററിന്റെ ആശ്വാസഗോള്‍ 76-ാം മിനിറ്റില്‍ ഇഹിനാച്ചോ നേടി. കഴിഞ്ഞ ദിവസം എഫ്എ കപ്പ് ഫൈനലില്‍ തോല്‍പ്പിച്ച ലെസ്റ്ററിനോട് കണക്കുതീര്‍ക്കാനും ഇതോടെ ചെല്‍സിക്കായി.
അതേസമയം, മറ്റൊരു മത്സരത്തില്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഇക്കുറി തരംതാഴ്ത്തല്‍ ഉറപ്പായ ഫുള്‍ഹാം സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ നേടി. യുണൈറ്റഡിനായി 15-ാം മിനിറ്റില്‍ എഡിസണ് കവാനിയും ഫുള്‍ഹാമിനായി 76-ാം മിനിറ്റില്‍ ബ്രയാനും ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ലീഡ്സ് യുണൈറ്റഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സതാംപ്ടണെ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: