ടെല്‍ അവീവ്: ഇസ്രയേല്‍-പാലസ്തീന് സംഘര്‍ഷം അതി രൂക്ഷമായി അഞ്ചാം ദിവസവും തുടരുന്നു. പാലസ്തീന് ഭീകരര്‍ക്കെതിരെയുള്ള തിരിച്ചടി ഇസ്രയേല്‍ കൂടുതല്‍ രൂക്ഷമാക്കി. അതേസമയം പാലസ്തീന് ഭീകരര്‍ റോക്കറ്റാക്രമണം നടത്തുന്നുണ്ട്.
യുദ്ധത്തില്‍ കരസേനയും പങ്കെടുക്കുന്നുണ്ടെന്നും എന്നാല്‍ ഗാസയിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഇസ്രയേല്‍ ബോംബിങ്ങില്‍ തീജ്ജ്വാലകളാല്‍ ചുറ്റപ്പെട്ട ഗാസ നഗരത്തിന്റെ രാത്രിയിലെ ദൃശ്യങ്ങളുടെ വീഡിയോ വ്യാപകമായിട്ടുണ്ട്. തിങ്കളാഴ്ച സംഘര്‍ഷം ആരംഭിച്ചതിനുശേഷം 119 പേര് ഗാസയിലും എട്ടുപേര്‍ ഇസ്രയേലിലും കൊല്ലപ്പെട്ടു.
ഇതിനിടയില്‍ വലിയ തോതില്‍ സൈനികശക്തി വര്‍ദ്ധിപ്പിക്കാന്‍ ഇസ്രയേലി പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് ഉത്തരവിട്ടു. ആഭ്യന്തര സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച 400 പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശ്നങ്ങള്‍ക്ക് കാരണം ഇസ്രയേലിലെ അറബികളാണെന്ന് പോലീസ് പറഞ്ഞു. രാപകല്‍ ഭേദമില്ലാതെ ഹമാസ് ഭീകരരുടെ ടണല്‍ നെറ്റുവര്‍ക്കുകള്‍ തകര്‍ക്കുന്നതിനായി തുടര്‍ച്ചയായി ആക്രമണം നടത്തുകയാണെന്നും എന്നാല്‍ സൈന്യം ഇതുവരെ ഗാസയില്‍ കടന്നിട്ടില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ 220 ആക്രമണങ്ങളാണ് ഗാസ മുനമ്പില്‍ നടത്തിയിട്ടുള്ളത്. തെക്കന്‍ ഇസ്രയേലില്‍ 87 വയസ്സുകാരിയായ വൃദ്ധ സ്ത്രീ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഹമാസ് ഭീകരര്‍ക്കെതിരെയുള്ള സൈനിക നടപടി നീണ്ടകാലം തുടരേണ്ടത് അത്യാവശ്യമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹമാസും മറ്റ് ഭീകര സംഘടനകളും വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: