കൊച്ചി : സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലാ അതിര്‍ത്തികള്‍ ഇന്ന് രാത്രിയോടെ അടയ്ക്കും. കണ്ടെയ്ന്മെന്റ് സോണുകളായ പ്രദേശങ്ങളില്‍ കുടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ആലൂവ റൂറല്‍ എസ്പി കെ. കാര്‍ത്തിക് അറിയിച്ചു.
അവശ്യ സര്‍വീസുകള്‍ നല്കുന്ന ഓഫീസുകള്‍ക്ക് മാത്രമേ ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കൂ. അവശ്യ സാധനങ്ങള്‍ വാങ്ങാനും ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്കും മാത്രമേ ആളുകള്‍ക്ക് പുറത്തുപോകാന്‍ സാധിക്കു. പൊതുഗതാഗത സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. ജില്ലയിലെ ടിപിആര്‍ റേറ്റ് പഴയസ്ഥിതി പുനസ്ഥാപിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ കര്‍ശ്ശമായി തന്നെ തുടരും.
അതേസമയം ലോക്ഡൗണില്‍ ജനങ്ങള്‍ പരിഭ്രമിക്കേണ്ടതില്ല. അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതാണ്. ജനങ്ങള്‍ വ്യാപകമായി പുറത്തേക്ക് ഇറങ്ങുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇതെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
അതേസമയം എറണാകുളം ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 61,847 ആയി. സംസ്ഥാനത്ത് ആദ്യമായാണ് ഒരുജില്ലയിലെ രോഗികളുടെ എണ്ണം ഇത്രയും കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലധികമുള്ള 74 പഞ്ചായത്തുകളില്‍ ലോക്ഡൗണിനു സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ജില്ലയില്‍ 10 ദിവസത്തില്‍ 45,187 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 31.8 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 പേരെ പരിശോധിക്കുമ്പോള്‍ 32 പേരില്‍ കോവിഡ് സ്ഥിരീകരിക്കപ്പെടുന്നു. പോസിറ്റീവായവരില്‍ ഏകദേശം 1200 പേരോളം വിദഗ്ധ ചികിത്സ ആവശ്യമുള്ളവരാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനം ശക്തമാക്കാന്‍ ഇന്‍സിഡന്റ്സ് റെസ്പോണ്‍സ് സംവിധാനം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ പഞ്ചായത്തുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുടങ്ങും ഈ കണ്ട്രോള് റൂമുകള്‍ വഴിയാണു രോഗികളെ കൈകാര്യം ചെയ്യുകയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: