ന്യൂദല്‍ഹി: അധികാരം പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടായിരുന്ന കേരളം പോയി. ആസാമിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും കനത്ത തോല്‍വി. ബംഗാളില്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നും മുസ്ലിം വര്‍ഗീയ പാര്‍ട്ടിയായ ഇന്ത്യന്‍ സെക്യൂലര്‍ ഫ്രണ്ടിനെ കൂടെക്കൂട്ടിയും ഇറങ്ങിയിട്ടും വമ്പന്‍ പരാജയം. ഡിഎംകെയുടെ ചെലവില്‍ തമിഴ്നാട്ടില്‍ ലഭിച്ച ഏതാനും സീറ്റുകളാണ് ആകെയുളള ആശ്വാസം. ദേശീയ പാര്‍ട്ടിയെന്നും രാജ്യത്തെ പ്രതിപക്ഷ കക്ഷിയെന്നും പറയുന്ന കോണ്‍ഗ്രസിന്റെ തോല്‍വിയെ പതനമെന്നു പറഞ്ഞാല്‍ പോലും മതിയാവില്ല. പ്രാദേശിക പാര്‍ട്ടികളുടെ പോലും ബലമോ ശക്തിയോ രാഷ്ട്രീയ തന്ത്രമോ ഇച്ഛാശക്തിയോ ഇല്ലാത്ത പാര്‍ട്ടിക്ക് ഇതില്‍ കൂടുതല്‍ എന്തു ലഭിക്കാന്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രതികരണം. കോണ്‍ഗ്രസ് മുക്തഭാരതമെന്ന ബിജെപിയുടെ പദ്ധതി ഒരു പടി കൂടി അടുത്തുവെന്നു പറയുന്നതില്‍ അല്‍പ്പം പോലും അതിശയോക്തിയില്ല. പദ്ധതി ഇനി അതിവേഗം കേരളത്തിലേക്കും പടരും.
കാലങ്ങളോളം ബംഗാള്‍ ഒറ്റയ്ക്ക് ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പിന്നീട് ജ്യോതി ബസുവിന്റെ നേതൃത്വത്തില്‍ എത്തിയ ഇടതു മുന്നണിയോട് തോറ്റു. പിന്നെ ജയം എന്തെന്ന് അറിഞ്ഞിട്ടില്ല. മൂന്നു പതിറ്റാണ്ടുകളാണ് ഇടതു മുന്നണി ബംഗാള്‍ ഭരിച്ചത്. ഇക്കാലയളവില്‍ ഒരിക്കലും അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. പിന്നെ തൃണമൂല്‍ കോണ്‍ഗ്രസ് വന്നതോടെ കോണ്‍ഗ്രസിന്റെ ശക്തി വീണ്ടും ക്ഷയിച്ചു. 2016ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 44 സീറ്റുകള്‍. 12.25 ശതമാനം വോട്ടും. ഇക്കുറി ലഭിച്ചത് കേവലം ഒരു സീറ്റ്. രാഹുലും പ്രിയങ്ക വാദ്രയും അടക്കമുള്ളവര്‍ ഇറങ്ങിയിട്ടും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.
ആസാമില്‍ 2016ലെ തെരഞ്ഞെടുപ്പിലാണ് ബിജെപി ഭരണത്തിേലറിയത്. അന്ന് , അതുവരെ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് ലഭിച്ചത് വെറും 26 സീറ്റുകള്‍. അജ്മല്‍ ബദറുദ്ദീന്റെ എഐയുഡിഎഫ് എന്ന വര്‍ഗീയ കക്ഷിയുമായി സഖ്യമുണ്ടാക്കി മല്‍സരിച്ചിട്ടുപോലും സഖ്യത്തിന് നേടാനായത് 38 സീറ്റുകളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കി മല്‍സരിച്ച കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ എട്ടു സീറ്റ് ലഭിച്ചു. ഇക്കുറി അത് 12 സീറ്റായി വര്‍ദ്ധിച്ചുവെന്നതാണ് ആശ്വാസം.
പുതച്ചേരിയില്‍ കോണ്‍ഗ്രസിനായിരുന്നു ഭരണം. ആകെയുള്ള 30 സീറ്റുകളില്‍ 15 സീറ്റ് കോണ്‍ഗ്രസിനു മാത്രം ഉണ്ടായിരുന്നു. ഇക്കുറി ഓള് ഇന്ത്യാ എന്‍ ആര് കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെട്ട എന്‍ഡിഎ ഭരണം പിടിച്ചു. സോണിയയും രാഹുലും പ്രിയങ്ക വാദ്രയും നേതൃത്വം നല്കുന്ന കോണ്‍ഗ്രസിന് കേരളം അടക്കം ഒരിടത്തും ശക്തമായ മല്‍സരം കാഴ്ചവയ്ക്കാന്‍ പോലും സാധിച്ചില്ല.
കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം വരും നാളുകളില്‍ കൂടുതല്‍ ശക്തമാകും. നേതൃമാറ്റം തേടി ഗുലാംനബി ആസാദും കപില്‍ സിബലും അടക്കം 23 നേതാക്കള്‍ മുന്‍പ് സോണിയക്ക് കത്തു നല്‍കിയിരുന്നു. ഇത് രാഷ്ട്രീയ രംഗങ്ങളില്‍ വന്‍ കോളിളക്കം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ വലിയൊരു വിമത വിഭാഗം തന്നെയുണ്ട്. അവര്‍ വീണ്ടും നേതൃമാറ്റമെന്ന ആവശ്യവുമായി പാര്ട്ടിയില്കലാപം അഴിച്ചുവിടാം. പക്ഷെ ഒരു പ്രയോജനവും ഉണ്ടാവില്ലെന്ന് വിമതര്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: