പള്ളുരുത്തി: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കുമ്പളങ്ങി പഞ്ചായത്തിന്റെ നാല് അതിര്‍ത്തികളും പോലീസ്അടച്ചു. ചൊവ്വാഴ്ച പഞ്ചായത്ത് കണ്ടൈന്‍മെന്റ് സോണായി കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ 400ല്‍ അധികം കൊവിഡ് ബാധിതരുള്ള പഞ്ചായത്തായി കുമ്പളങ്ങി മാറിയതോടെ ജനം കടുത്ത ആശങ്കയിലാണ്.
കുമ്പളങ്ങി വടക്ക് അതിര്‍ത്തിയും, ആലപ്പുഴ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന എഴുപുന്ന പാലവും, കണ്ടക്കടവ്, ആഞ്ഞിലത്തറ റോഡുമാണ് അടച്ചത്. പഞ്ചായത്തില്‍ പൊതുഗതാഗതം നിര്‍ത്തിവെച്ചു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടണമെന്ന് പഞ്ചായത്ത് ഭരണസമിതി നിര്‍ദേശിച്ചു.
ജോലിക്ക് പോകുന്നവര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ സത്യവാങ്മൂലം നല്‍കണം. പ്രായമുള്ളവരും കുട്ടികളും പുറത്തിറങ്ങാതെ സഹകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി അഭ്യര്‍ഥിച്ചു. പരിശോധന കര്‍ശനമായി തുടരുമെന്ന്പോലീസ് അറിയിച്ചു. വിവാഹങ്ങള്‍, മരണ ചടങ്ങുകള്‍ എല്ലാം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
മത ചടങ്ങുകള്‍, ആഘോഷങ്ങള്‍ എല്ലാം നിയമം അനുസരിച്ച് മാത്രമേ നടത്താന്‍ അനുവദിക്കൂവെന്ന് പഞ്ചായത്ത് ഭരണസമിതി ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: