കൊച്ചി: കൊവിഡ് പിടിമുറുക്കുമ്പോള്‍ ആലങ്ങാട് പഞ്ചായത്തില്‍ തിരുവാലൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സേവാഭാരതി മുന്‍ വര്ഷത്തെപോലെ ജനങ്ങള്‍ക്ക് സേവനവുമായി സജീവമാണ്.
കൊവിഡ് രോഗികള്‍ക്ക് ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന മരുന്നുകള്‍, പിപിഇ കിറ്റുകള്‍ എന്നിവ ആലങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കൈമാറി. പ്രാഥമിക കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫിലോമിന അലോഷ്യസ്സ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുരളി എന്നിവര്‍ മരുന്ന് കൈപ്പറ്റി.
ആലങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ വിജി സുരേഷ്, ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സുരേഷ്, ആര്‍എസ്എസ് ആലങ്ങാട് മണ്ഡലം ബൗദ്ധിക് പ്രമുഖ് എന്‍.എസ്. മനില്‍കുമാര്‍, സജിത്ത് കുമാര്‍ കെ.വി, പരമേശ്വരന് എന്നിവര്‍ സംബന്ധിച്ചു. ആലങ്ങാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലും പരിസരപ്രദേശങ്ങളിലും കൊവിഡ് ബാധിച്ച് ക്വാറന്റൈനിലുള്ള മുഴുവന്‍ വീടുകളിലും എല്ലാ ആഴ്ചയിലും പച്ചക്കറി കിറ്റ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തു.
എല്ലാ ആഴ്ചയും വാര്‍ഡിലെ മുഴുവന്‍ പ്രദേശങ്ങളിലും അണു വിമുക്തമാക്കി, വാര്‍ഡിലെ മുഴുവന്‍ വീടുകളിലും തുടര്‍ച്ചയായി ഹോമിയോ പ്രതിരോധ മരുന്നും എത്തിച്ചു. കൊവിഡ് രോഗികള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈന്‍ സെന്റര്‍ തുറക്കുകയും രോഗികളുമായി ബന്ധപ്പെട്ടുകൊണ്ട് ആവശ്യക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. മുഴുവന്‍ സമയം ആംബുലന്‍സ് സേവനവും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: