മുത്തങ്ങ: കൊറോണ മാനദണ്ഡം അതിര്‍ത്തിയില്‍ സംഘര്‍ഷം പതിവാകുന്നു. കഴിഞ്ഞ ദിവസം കര്‍ണ്ണാടകയില്‍ നിന്നും ബസ്സിലെത്തുകയും കല്ലൂര്‍ 67ലെ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാതാരിക്കുകയും ചെയ്ത യാത്രാക്കാര്‍ തിരികെ അതിര്‍ത്തിയിലെത്തി മണിക്കൂറുകളോളം കര്‍ണ്ണാടകത്തിലേക്കുള്ള കേരള ബസ്സുകളടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞിട്ടു.
കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയാണ് സംഭവം. രാവിലെ 7.30ന് ഗുണ്ടല്‍പേട്ടയില്‍ നിന്നും കര്‍ണാടക ആര്‍ടിസിയില്‍ ബത്തേരിയിലേക്ക് വന്ന യാത്രക്കാരാണ് അതിര്‍ത്തി മൂലഹളളയില് കേരള ബസ്സുകളടക്കം മണിക്കൂറുകളോളം തടഞ്ഞിട്ടത്. കര്‍ണാടക ആര്‍ടിസിയില്‍ 60 യാത്രക്കാരാണ് എത്തിയത്. ബത്തേരി മേഖലയില്‍ ജോലിക്കായി രാവിലെ എത്തുന്ന തൊഴിലാളികളായിരുന്നു ഇവര്‍.
കല്ലൂര്‍ 67ല്‍ എത്തിയപ്പോള്‍ പൊലിസൂം റവന്യു അധികൃതരും യാത്രക്കാരോട് സെന്ററിലെത്തി കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബസ്സില്‍ നിന്നുമിറങ്ങി രജിസ്റ്റര്‍ ചെയ്യാനായി വരിനില്ക്കുകയും ചെയ്തു. എന്നാല്‍ കുറച്ചുസമയം കഴിഞ്ഞതോടെ ബസ്സിലെ കണ്ടക്ടര്‍ സമയം പോകുന്നുവെന്നും വരിനിന്ന യാത്രക്കാരോട് ബസ്സില്‍ കയറാനും ആവശ്യപ്പെ്ട്ടു. എന്നാല്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ സംസ്ഥാനത്തേക്ക് തുടര്‍ യാത്രഅനുവദിക്കാന് പറ്റില്ലന്ന് പൊലിസ് അറിയിച്ചു.
ഇതോടെ യാത്രക്കാരെ കയറ്റി ബസ് കര്‍ണാടക അതിര്‍ത്തിയിലേക്ക് തന്നെ തിരികെ പോകുകയായിരുന്നു. ഇതിനിടെ വരിനിന്ന നാലുപേര്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും ബത്തേരിയിലേക്ക് വരുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് തിരികെ പോയ യാത്രക്കാരും മറ്റും ചേര്‍ന്ന് കേരളത്തില്‍ നിന്നും കര്‍ണ്ണാടകയിലെ മൈസൂര്‍, ബംഗളൂര് ഭാഗത്തേക്ക് യാത്രക്കാരുമായി പോകുന്ന മൂന്ന് കെഎസ്ആര്‍ടിസി ബസ്സുകളടക്കം തടഞ്ഞിട്ടത്. കര്‍ണാടക ബസ്സിലെ യാത്രക്കാരോടും ജീവനക്കാരോടും മോശമായി പെരുമാറിയെന്നാരോപിച്ചും ഇതിന് പൊലിസ് മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു വാഹനങ്ങള്‍ തടഞ്ഞത്.
ബത്തേരി തഹസില്‍ പി.എ.എസ് ഉണ്ണികൃഷ്ണന്, ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ചാര്‍ജ് വഹിക്കുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.എ. യേശുദാസ്, ബത്തേരി പൊലിസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്ഐ മുരളി, ഗുണ്ടല്‍പേട്ട തഹസില്‍ദാര്‍ വിജയ്ശങ്കര്‍, സിഐ മഹാദേവ തുടങ്ങിയവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് യാത്ര പുനരാരംഭിച്ചത്. എട്ട് മണിക്ക് ആരംഭിച്ച പ്രതിഷേധം 11 മണിയോടെയാണ് അവസാനിപ്പിച്ചത്. ഈ സമയം വരെ കര്‍ണാടകത്തിലേക്ക് പോകാനായി എത്തിയ വാഹനങ്ങള്‍ അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ടു. കുട്ടികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാര്‍ ഈ സമയമത്രയും കൊടുംവനത്തിനുള്ളില്‍ മണിക്കൂറുകളോളം കാത്തുകിടക്കേണ്ടിയും വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: