ഹൈക്കോടതി വിധി ശക്തമാണ്. കീഴ്ക്കോടതി വിധിയും പോലീസ് അന്വേഷണ റിപ്പോര്‍ട്ടും തള്ളിയ വിധി വ്യക്തവും സ്പഷ്ടവുമാണ്. മന്ത്രിയായിരിക്കാന്‍ സജി ചെറിയാന് ഒരവകാശവുമില്ല. നേരത്തെ രാജിവച്ച അതേ സാഹചര്യം നിലനില്‍ക്കുകയാണ്. മന്ത്രിസ്ഥാനം തുലാസില്‍ തന്നെയാണിന്നും. കൃത്യമായി അന്വേഷണം നടത്താതെ തിടുക്കത്തില്‍ റിപ്പോര്‍ട്ട് നല്കിയ പോലീസ് നടപടി ആരെ പ്രീണിപ്പിക്കാനായിരുന്നു എന്ന ചോദ്യമാണുയരുന്നത്. മന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 2022 ല്‍ മന്ത്രിക്ക് പിന്തുണ നല്കിയ മുഖ്യമന്ത്രിയും സിപിഎമ്മും പിന്നീട് നിലപാട് മാറ്റി. അന്ന് രാജിവയ്ക്കേണ്ടേ എന്ന് ചോദിച്ചപ്പോള്‍ എന്തിന് രാജി എന്ന് മറുചോദ്യം ഉന്നയിച്ച പാര്‍ട്ടിക്ക് ഉടന്‍ മാറ്റിപ്പറയേണ്ടിവന്നു.
ജൂലായ് ആറിന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷവും 47 ദിവസവും പിന്നിട്ടപ്പോഴായിരുന്നു ഭരണഘടനാ വിവാദത്തില്‍ മന്ത്രിസഭയില്‍ നിന്നുള്ള ആദ്യ രാജി. എന്നാല്‍ മന്ത്രി ഭരണഘടനയെ അവഹേളിച്ചതിനു തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടും നിയമോപദേശവും അനുകൂലമായതിനെ തുടര്‍ന്ന് 182 ദിവസത്തിനു ശേഷം വീണ്ടും മന്ത്രി സ്ഥാനത്തേക്ക് സജി ചെറിയാര്‍ തിരിച്ചെത്തി.
സജി ചെറിയാന് അന്ന് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും ഏറെ പ്രസക്തമാണ്. ”മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിയമോപദേശം സ്വീകരിച്ചിരുന്നു. ഞാന്‍ മന്ത്രിയായി ഇരുന്നാല്‍ സ്വതന്ത്രമായ അന്വേഷണം അല്ലെങ്കില്‍ തീരുമാനം വരുന്നതിനു തടസം വരും. അതുകൊണ്ടു മന്ത്രിയെന്ന നിലയില്‍ തുടരുന്നതു ധാര്‍മികമായി ശരിയല്ല. അതുകൊണ്ട് ഞാന്‍ രാജിവയ്ക്കുന്നു.” എന്നാണ് സജി ചെറിയാന് അന്നു പറഞ്ഞത്. ഇതേ നിലയിലുള്ള അന്വേഷണമാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം നടക്കാന്‍ പോകുന്നത്. അപ്പോള്‍ മന്ത്രി മുമ്പു പറഞ്ഞതു പോലെയുള്ള ധാര്‍മിക പ്രശ്നം ഇല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. കേസ് നിലനില്ക്കുമ്പോള് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. ഭാവിയില്‍ ഇക്കാര്യത്തില്‍ തിരിച്ചടി ഉണ്ടായാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കുമെന്ന സന്ദേശം മുഖ്യമന്ത്രിക്കു നല്കിയ ശേഷമാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്.
മല്ലപ്പള്ളി പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണു വിഷയം കോടതിക്കു മുന്നിലെത്തിയത്. മന്ത്രിക്കെതിരെ ഒട്ടേറെ പരാതി ലഭിച്ചെങ്കിലും പൊലീസ് അനങ്ങിയില്ല. പിന്നീടാണ് ബൈജു നോയല്‍ തിരുവല്ല മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസ് റജിസ്റ്റര്‍ ചെയ്യാന്‍ മജിസ്ട്രേറ്റ് നിര്‍ദേശിച്ചു. മന്ത്രി ഭരണഘടനയെ അവഹേളിച്ചതിനു തെളിവില്ലെന്നു പൊലീസ് റിപ്പോര്‍ട്ട് നല്കി. ഇതോടെ കേസ് സിബിഐയോ കര്‍ണാടക പൊലീസോ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബൈജു നോയല്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്കി. ഈ ഹര്‍ജിയില്‍ തീരുമാനമാകുന്നതു വരെ സജി ചെറിയാനു ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് മജിസ്ട്രേട്ട് കോടതി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവല്ല കോടതിയെയും സമീപിക്കുകയും ചെയ്തിരുന്നു.
ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരേ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കേരള ഹൈക്കോടതി. മന്ത്രിക്കെതിരായ കുറ്റം നിലനില്‍ക്കില്ലെന്ന പോലീസ് റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോര്‍ട്ടും തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. സംസ്ഥാന പോലീസ് മേധാവി, െ്രെകംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍.
‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള് എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന് പറഞ്ഞു തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും’.
ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം… തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും.
കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. ന്യായമായ കൂലി ചോദിക്കാന്‍ പറ്റുന്നില്ല. കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവന് കാര്യക്കാരനാവുന്നത് ഭരണകൂടം അവര്‍ക്ക് അനുകൂലമാവുന്നത് കൊണ്ടാണ്. തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായി. ഇവര്‍ക്ക് ഈ ഭരണഘടന സംരക്ഷണം നല്കുന്നുണ്ടോ? നാട്ടിലുണ്ടാകുന്ന ഏത് പ്രശ്നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യം ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണ്…’
ഒടുവില്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ എ.കെ.ജി. സെന്ററില്‍ ചേര്‍ന്ന യോഗത്തിനൊടുവില്‍ സജി ചെറിയാന് രാജിവെയ്ക്കട്ടെ എന്ന നിലപാടിലെത്തി. ഉന്നതമായ രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മന്ത്രി സ്ഥാനം രാജിവയ്ക്കുകയാണെന്ന് സജി ചെറിയാന് പ്രഖ്യാപിച്ചു. അന്നത്തെ സാഹചര്യം ഇന്നും നിലനില്ക്കുന്നു. തുലാസിലായ മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ മന്ത്രിക്കാവുമോ? സംശയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: