ബെയ്ജിംഗ്: ചൈനയുടെ വിഖ്യാതമായ അടിസ്ഥാനസൗകര്യ വികസനപദ്ധതിയായ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയില്‍ നിന്നും പിന്മാറിയ ആസ്ത്രേല്യക്കെതിരെ ആഞ്ഞടിച്ച് ചൈന.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗൗരവമായി ഉലയ്ക്കുന്നതാണ് തീരുമാനമെന്നും ഇതിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ചൈന പറഞ്ഞു. ആസ്ത്രേല്യയുടെ വിദേശനയത്തിന് ഭീഷണിയാണെന്ന് ആരോപിച്ചാണ് വിദേശകാര്യമന്ത്രി ബെല്‍റ്റ് ആന്റ് റോഡില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ആസ്ത്രേല്യയിലെ ചൈനയുടെ എംബസിയും ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ഈ നീക്കംകൊണ്ട് ആസ്ത്രേല്യയ്ക്ക് മാത്രമേ പരിക്ക് പറ്റൂവെന്നും ചൈനയുടെ എംബസി പറഞ്ഞു.
ലോകത്ത് ആധിപത്യം നേടാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കെതിരെ യുഎസിനൊപ്പം ശക്തമായി ഉറച്ചുനില്‍ക്കുന്ന രാഷ്ട്രമാണ് ആസ്ത്രേല്യ. ഈയിടെ യുഎസ്, ജപ്പാന്, ഇന്ത്യ എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ആസ്ത്രേല്യ ക്വാഡ് എന്ന പേരില്‍ സഹകരണം ശക്തിപ്പെടുത്തിയിരുന്നു. ചൈനയെ സാമ്പത്തികമായി സൈനികമായും നേരിടാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണ് ക്വാഡ് എന്ന് പറയുന്നു. ഇന്തോ-പസഫിക്കില്‍ ചൈനയുടെ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയില്‍ ഇന്ത്യയും അംഗമല്ല.
ചൈനയും ആസ്ത്രേല്യയും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറെ നാളുകളായി വഷളായിക്കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് ചൈനയില്‍ നിന്നും വന്നതാണെന്ന അഭിപ്രായം യുഎസിന്റേതുപോലെ തന്നെ ആസ്ത്രേല്യയ്ക്കുമുണ്ട്. മറ്റൊന്ന് ചൈനയുടെ ടെലികോം ഭീമനായ ഹുവാവേയെ ആസ്ത്രേല്യ നിരോധിച്ചിരുന്നു. 5ജി സേവനത്തിനായി ഹുവാവേയെ ഉപയോഗിച്ചാല്‍ അത് ആസ്ത്രേല്യയുടെ രഹസ്യങ്ങള്‍ ചോരുന്നതിന് ഇടയാക്കുമെന്ന ഭയമാണ് പ്രതിരോധമന്ത്രി പീറ്റര്‍ ഡറ്റനുള്ളത്.
ലോകം മുഴുവന്‍ വ്യാപാരപാതകളുടെ ഭീമന് ശൃംഖല തുറക്കുന്നതാണ് ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി. ഇതുവഴി ചൈനയുടെ മറ്റ് രാഷ്ട്രങ്ങളിലേക്കുള്ള ചരക്ക് കൈമാറ്റം സുഗമവും ചെലവ്കുറഞ്ഞതും ആക്കുകയാണ് ലക്ഷ്യം. അതോടെ ചൈന മറ്റൊരു രാജ്യത്തിനും തോല്‍പ്പിക്കാനാവാത്ത സൂപ്പര്‍ പവര്‍ ആയി മാറും.
ചൈനയുടെ പ്രസിഡന്റ് ഷീയുടെ അഭിമാനപദ്ധതിയായ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി ലോകമേധാവിത്വം ഉറപ്പിക്കാനുള്ള ചൈനയുടെ പദ്ധതിയായി പാശ്ചാത്യ രാഷ്ട്രങ്ങള്‍ കുറ്റപ്പെടുത്തുന്നു. ചൈന 2013ല്‍ ആവിഷ്കരിച്ച ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി 70 രാജ്യങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും സഹകരിപ്പിച്ചുള്ള ചൈനയുടെ നേതൃത്വത്തിലുള്ള ഒരു ആഗോള അടിസ്ഥാനസൗകര്യ വികസന പദ്ധതിയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചൈനയുടെയും ആഗോള ശക്തി വിളിച്ചറിയിക്കുന്ന പദ്ധതിയാണിത്. ഇതില്‍ ബെല്‍റ്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മധ്യേഷ്യയിലെ വിവിധ രാജ്യങ്ങളെ റോഡും റെയില്‍വേലൈനും വഴി ബന്ധിപ്പിക്കുകയാണെങ്കില്‍ റോഡ് എന്നത് കൊണ്ടുദ്ദേശിക്കുന്നത് തെക്ക്കിഴക്കന്‍ ഏഷ്യയെ തെക്കന്‍ ഏഷ്യ, മധ്യേഷ്യ, ആഫ്രിക്ക എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്തോ-പസഫിക് കടല്‍പാതയാണ്. ഈ പദ്ധതിയുടെ ഭാഗമായി തുറമുഖങ്ങള്‍, റോഡുകള്‍, വിമാനത്താവളങ്ങള്‍, അണക്കെട്ടുകള്‍, ടണലുകള്‍, അംബരചുംബികളായ കെട്ടിടങ്ങള്‍ എന്നിവയാണ് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: