ന്യൂദല്‍ഹി: ഹരിദ്വാറില്‍ കുംഭമേള വിജയകരമായി സംഘടിപ്പിച്ചതിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അധികൃതരെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അഭിനന്ദിച്ചുവെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജം. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. കത്ത് വ്യാജമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അത്തരത്തിലൊരു കത്ത് എഴുതിയിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കുംഭമേളയ്ക്കിടയിലെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്തതിന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയെ അജിത് ഡോവല്‍ അഭിനന്ദിക്കുന്നുവെന്നാണ് കത്തിലുള്ളത്.
കുംഭമേള വിജയകരമായി സംഘടിപ്പിക്കാനുള്ള ശ്രമം മതപരമായ അന്തരീക്ഷം ഉറപ്പാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത് അവസാനിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിദ്വാറിലെ കുംഭമേള 30 ദിവസമായി വെട്ടിച്ചുരുക്കിയിരുന്നു. നാസിക്, ഹരിദ്വാര്‍, പ്രയാഗ്രാജ്, ഉജ്ജയിന്‍ എന്നീ സ്ഥലങ്ങളിലാണ് ഇടവിട്ട് കുംഭമേള സംഘടിപ്പിക്കാറുള്ളത്. സാധാരണ നാലുമാസത്തോളം കുംഭമേള നീളും. എന്നാല്‍ ഈ വര്‍ഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒരുമാസത്തേക്ക് ചുരുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: