തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി. ജലീലിന്റെ രാജി മുഖ്യമന്ത്രി പിണറായി വിജയന് ചോദിച്ചു വാങ്ങിയത്. ക്രമക്കേടില്‍ താനും കുടുങ്ങുമെന്ന് ഉറപ്പായതോടെയാണ് വിഷയം തണുപ്പിക്കാന്‍ ജലീലിനോട് രാജി വയ്ക്കാന്‍ പിണറായി നിര്‍ദേശിച്ചത്.
മന്ത്രി കെ.ടി. ജലീല്‍ നടത്തിയ ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ചില തെളിവുകള്‍ പുറത്തുവന്നിരുന്നു. ന്യൂനപക്ഷ വികസന കോര്പ്പറേഷന് ജനറല്‍ മാനേജറിനുള്ള യോഗ്യത തിരുത്താന്‍ നിര്‍ദേശിക്കുന്ന ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പുവെച്ചതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ഉത്തരവിറങ്ങിയത് മന്ത്രിസഭ അറിയാതെയായിരുന്നു. യോഗ്യത തിരുത്തിയ ഉത്തരവിറക്കുന്നത് അറിഞ്ഞത് മുഖ്യമന്ത്രിയുടെയും ജലീലിന്റെയും ഓഫീസ് മാത്രം. മന്ത്രിസഭ അറിയേണ്ടതില്ലെന്ന ജലീലിന്റെ കുറിപ്പിന് പിന്നാലെ മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത് ഉദ്യോഗസ്ഥരുടെ വിയോജനക്കുറിപ്പ് മറികടന്ന്.
ജലീലിന്റെ ബന്ധു അദീബിനെ ന്യൂനപക്ഷ വികസന കോര്പ്പറേഷന് ജനറല്‍ മാനേജരായി നിയമിക്കാന്‍ മുഖ്യമന്ത്രിയടക്കം കൂട്ടുനിന്നു എന്ന തെളിവുകളാണ് പുറത്തുവന്നത്. അദീബിന്റെ യോഗ്യതക്ക് അനുസരിച്ച് തസ്തികയുടെ യോഗ്യത മാറ്റിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. അതേസമയം, മന്ത്രിസഭയുടെ അനുമതിയില്ലാതെയായിരുന്നുവെന്നുമാണ് ഫയലുകള്‍ വ്യക്തമാക്കുന്നത്. യോഗ്യതയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് 2016 ജൂലൈ 28നാണ് ജലീല്‍ ന്യൂനപക്ഷ ക്ഷേമ സെക്രട്ടറിക്ക് കത്ത് നല്‍കുന്നത്.
എന്നാല്‍, ഈ തിരുത്തലിന് നിയമസഭയുടെയും ധനകാര്യ വകുപ്പിന്റെയും അനുമതി വേണ്ടതല്ലേയെന്ന ചോദ്യവുമായി ഫയല്‍ തിരികെ അയച്ചു. കോര്പ്പറേഷന് തസ്തികയിലേക്കുള്ള യോഗ്യത നിശ്ചയിച്ചത് മന്ത്രിസഭയുടെയും ധനകാര്യ വകുപ്പിന്റെയും അനുമതിയോടെ ആയിരുന്നു. അതിനാല്‍, യോഗ്യതയില്‍ മാറ്റംവരുത്തുമ്പോള്‍ അതിന് മന്ത്രിസഭയുടെയും ധനകാര്യ വകുപ്പിന്റെയും അനുമതി വേണം. ഇത് ജലീല്‍ അവഗണിച്ചു. മന്ത്രിസഭയുടെ അനുമതി വേണ്ടെന്ന കുറിപ്പോടെ ഫയല്‍ മുഖമന്ത്രിക്ക് അയച്ചു. 2016 ആഗസ്ത് ഒമ്പതിന് ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടു. ഇതോടെയാണ് യോഗ്യത തിരുത്തി ഉത്തരവിറങ്ങിയത്.
തുടര്‍ന്നാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജരായ അദീബിനെ നിയമിക്കണമെന്ന നിര്‍ദ്ദേശം ജലീല്‍ നല്‍കുന്നത്. എന്നാല്‍, ആര്‍ബിഐ ഷെഡ്യൂള്‍ പ്രകാരം സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വകാര്യ ബാങ്കാണ്. ആയതിനാല്‍ വ്യവസ്ഥ അനുസരിച്ച് നിയമിക്കാനാകില്ലെന്ന് ന്യൂനപക്ഷ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി 2018 സെപ്തംബര്‍ 28ന് കുറിപ്പെഴുതി ഫയല്‍ മടക്കി. പിന്നാലെ വീണ്ടും ജലീല്‍ താക്കീതുമായി രംഗത്തെത്തി. സംസ്ഥാന ധനകാര്യ വികസന കോര്പ്പറേഷന് എംഡിയായി സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥനെ മുമ്പ് നിയമിച്ചിട്ടുണ്ട്. അദീബിന്റെ മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക് അനുമതി നല്കിയതിനാല് അദീബിനെ നിയമിച്ച് ഉത്തരവിറക്കാന്‍ അന്ന് തന്നെ ജലീല്‍ നിര്‍ദ്ദേശിച്ചു. ഇതോടെ അദീബിനെ നിയമിച്ച് ഉത്തരവിറക്കുകയായിരുന്നുവെന്ന് 75 പേജുള്ള ഫയല്‍ വ്യക്തമാക്കുന്നു. ഈ ഫയല്‍ പരിശോധിച്ചാണ് ലോകായുക്ത ജലീലിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ നിര്‍ദ്ദേശിച്ചത്.
ലോകായുക്ത ഉത്തരവിറങ്ങിയ ശേഷവും ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സ്വീകരിച്ചത്. എന്നാല്‍, സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ ഇ.പി.ജയരാജന് പോലും ലഭിക്കാത്ത ഇളവുകളാണ് ജലീലിന് ഈ വിഷയത്തില്‍ ലഭിച്ചത്. ഇതില്‍ സിപിഎമ്മിനുള്ളില്‍ പിണറായിക്കെതിരേ രൂക്ഷമായ എതിര്‍വികാരം ഉടലെടുത്തിരുന്നു. വിഷയത്തില്‍ ഹൈക്കോടതി കൂടി പ്രതികൂല നിലപാട് സ്വീകരിച്ചാല്‍ അതു സര്‍ക്കാരിനും പിണറായിക്കും കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് വിലയിരുത്തലിലാണ് ഒടുവില്‍ ജലീലില്‍ നിന്ന് രാജി എഴുതി വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: