അഗർത്തല: ത്രിപുര ട്രൈബൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയും കോണ്‍ഗ്രസും തകര്‍ന്നടിഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി ട്രൈബര്‍ കൗണ്‍സില്‍ തുടര്‍ച്ചയായി ഭരിച്ചിരുന്ന ഇടത് മുന്നണി തകര്‍ന്ന് തരിപ്പണമായി.
ഇടതുമുന്നണി ഒരു സീറ്റില്‍ ഒതുങ്ങിയപ്പോള്‍ കോൺഗ്രസ് ഒരു അക്കൗണ്ട് പോലും തുറക്കാനാകാതെ വട്ടപ്പൂജ്യത്തില്‍ ഒതുങ്ങി. ബിജെപിയും സഖ്യകക്ഷികളും ഒൻപത് സീറ്റുകൾ നേടി. ആകെയുള്ള 28 സീറ്റുകളില്‍ 12 സീറ്റുകളില്‍ മാത്രമാണ് ബിജെപി മത്സരിച്ചത്. ബിജെപിയെ അനുകൂലിക്കുന്ന ഒരു സ്വതന്ത്രനും ജയിച്ചു. ഇൻഡിജീനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര(ഐപിഎഫ്ടി) യുമായി ചേർന്നാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച പാര്‍ട്ടി മുൻ സംസ്ഥാന അദ്ധ്യക്ഷൻ പ്രദ്യോത് കിഷോർ മാണിക്യ ദേബ് ബർമന്റെ നേതൃത്വത്തിലുളള ദ ഇൻഡിജീനിയസ് പ്രോഗ്രസീവ് റീജിണൽ സഖ്യമാണ് (ടിഐപിആർഎ) കൂടുതൽ സീറ്റുകൾ നേടിയത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ബിജെപിയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചാണ് പ്രദ്യോത് കിഷോർ മാണിക്യ ദേബ് കോൺഗ്രസ് വിട്ടത്.
കൗൺസിലിലെ 28 സീറ്റുകളിൽ 18 എണ്ണമാണ് ടിഐപിആർഎ നേടിയത്. 30 അംഗ കൗൺസിലിലെ രണ്ട് സീറ്റുകളിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങളാണ്.
2015 ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വം നൽകുന്ന ഇടത് മുന്നണി 25 സീറ്റുകൾ നേടിയിരുന്നു. അവിടെ നിന്നാണ് ഇന്ന് ഒരു സീറ്റിലേക്ക് ചുരുങ്ങിയത്. ടിഐപിആർഎ ചെയര്മാന് ദെബര്മാന്, ജഗദീഷ് ദെബര്‍മ, അനിമേഷ് ദെബര്‍മ, ചിത്ത ദെബര്‍മ എന്നിവരാണ് ജയിച്ച പ്രധാനസ്ഥാനാര്‍ത്ഥികള്‍.
ഏപ്രിൽ ആറിനായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 20 അസംബ്ലി മണ്ഡലങ്ങളിലായിട്ടാണ് കൗൺസിലിലേക്കുളള 30 സീറ്റുകൾ ഉളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: