കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസെടുത്ത് എട്ട് മാസത്തിന് ശേഷം സന്ദീപ് നായര്‍ പരാതിയുമായി വന്നതിന് പിന്നില്‍ ഉന്നതരില്‍ നിന്നുള്ള പ്രേരണയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി പരിഗണിക്കവേയാണ് ഇഡി ഇക്കാര്യം അറിയിച്ചത്.
എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കവേ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തത് കോടതിയലക്ഷ്യം. ചോദ്യം ചെയ്യലില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന പരാതി സന്ദീപ് നായര്‍ ഇതിന് മുമ്പ് എവിടേയും പറഞ്ഞിട്ടില്ല. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് സന്ദീപ് നായര്‍ വിഷയത്തില്‍ പരാതി ഉന്നയിക്കുന്നത്.
ഉന്നതരുടെ പ്രേരണയാണ് ഇത്തരത്തില്‍ ഒരു പരാതിക്ക് പിന്നിലുള്ളത്. മുമ്പ് പലതവണ കോടതി സന്ദീപിനോട് ചോദിച്ചപ്പോഴും ഇല്ലെന്ന മറുപടിയാണ് നല്‍കിയിരുന്നത്. എന്‍ഫോഴ്സ്മെന്റിനെതിരെ ക്രൈംബ്രാഞ്ച് വ്യജ തെളിവ് ഉണ്ടാക്കുകയാണ്. നിയമ നടപടികള്‍ ദുരുപയോഗം ചെയ്യുന്നതായും കേന്ദ്ര ഏജന്‍സി ആരോപിച്ചു. കള്ളപ്പണക്കേസില്‍ ഇടപെടാനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ച് നടത്തിയത്.
ഉന്നതരുടെ പേരുകള്‍ ഉള്‍പ്പെടുന്ന മൊഴികളോ രേഖകളോ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയിട്ടില്ല. എല്ലാ രേഖയും ആക്ഷേപം ഉന്നയിക്കുന്നവരുടെ പക്കല്‍ തന്നെയുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യാഴാഴ്ച ഹൈക്കോടതിയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: