പത്തനംതിട്ട: തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി സിപിഎം ക്രിമിനലുകൾ അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിരവധി ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായി. സി.പി.എം നേതാക്കളുടെ അറിവോടെയാണ് ഈ ആക്രമണം. പി.ജയരാജന്റെ മകന്റെ പോസ്റ്റ് അതിന്റെ സൂചനയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐയുമായി ചേർന്നാണ് പലയിടത്തും സിപിഎം ആക്രമണങ്ങൾ നടത്തുന്നത്. അക്രമകാരികളെ അറസ്റ്റ് ചെയ്യാൻ പോലിസ് തയാറാവുന്നില്ല. കാസർകോട്ട് അടക്കം ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസുകളിലെ പ്രതികൾ പുറത്തു വിലസുന്നു. പോലീസിന്റെ ഒത്താശ അക്രമകാരികളായ സിപിഎം പ്രവർത്തകർക്കുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
സിപിഎം തെരഞ്ഞെടുപ്പിന്റെ തലേന്ന് രാത്രി പാർട്ടി അനുഭാവികളുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുന്നു. പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അത് തിരിച്ചറിയുമെന്ന് പറഞ്ഞാണ് ഭീഷണി. തപാൽ വോട്ടുകളിൽ വ്യാപകമായി ക്രമക്കേട് നടന്നു. സുതാര്യത ഉറപ്പാക്കാൻ ഇലക്ഷൻ കമ്മിഷൻ ഇടപെടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. തപാൽ വോട്ടുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംഘടനാസംവിധാനം സിപിഎം ഉണ്ടാക്കിയിട്ടുണ്ട്. പാർട്ടി അനുഭാവികളായ സർക്കാർ ഉദ്യോഗസ്ഥരെയും ബിഎൽഒമാരെയും ഉപയോഗിച്ച് പോസ്റ്റൽ വോട്ടുകളിൽ ക്രിത്രിമം നടത്താനുള്ള ട്രെയിനിങ് സിപിഎം എല്ലാ ജില്ലകളിലും നടത്തിയിട്ടുണ്ട്.
പലയിടത്തും സീൽ ചെയ്ത പെട്ടികളിൽ അല്ല തപാൽ വോട്ടുകൾ സ്വീകരിച്ചിരിക്കുന്നത്. ഓരോ മണ്ഡലങ്ങളിലും ആകെ അടിച്ച പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം സ്ഥാനാർത്ഥികളെ അറിയിക്കുന്നില്ല. ബാക്കിയായ പോസ്റ്റൽ വോട്ടുകൾ എവിടെയാണെന്ന് അറിയാനുള്ള അവകാശം രാഷ്ട്രീയ പാർട്ടികൾക്കുണ്ടാവണം. എത്രയെണ്ണം അച്ചടിച്ചു എത്രയെണ്ണം ഉപയോഗിച്ചു എത്ര ബാലറ്റുകൾ ബാക്കിയായി തുടങ്ങിയവയുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: