തിരുവനന്തപുരം: എല്‍.ഡിഎഫിന്റെയും യു.ഡി.എഫിന്റെയും ഇരട്ടത്താപ്പുകള്‍ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അനന്തപുരിയില്‍. ഇരു മുന്നണികളും ഇരട്ടകളെപ്പോലെയാണ്. ദുര്‍ഭരണത്തില്‍, അഴിമതിയില്‍, അക്രമ രാഷ്ട്രീയത്തില്‍, വര്‍ഗീയതയില്‍, സ്വജനപക്ഷപാതത്തില്‍ അങ്ങനെ നിരവധി കാര്യങ്ങളില്‍ അവര്‍ ഇരട്ട സഹോദരങ്ങളാണ്. ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇവര്‍ ഒന്നാണ്. കോണ്‍ഗ്രസും സിപിഎമ്മും രണ്ടായി നില്‍ക്കേണ്ട കാര്യമില്ല പരസ്പരം ലയിക്കണമെന്നും അതിന് ‘കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി’ എന്ന് പേരിടണമെന്നും മോദി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന വിജയറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ നിയമസഭയില്‍ ആദ്യമായി ബിജെപിക്ക് അംഗത്വം നല്‍കിയത് അനന്തപുരിയുടെ മണ്ണാണ്. നാടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന മുന്നണിയായും പാര്‍ട്ടിയായുമാണ് എന്‍ഡിഎയെയും ബിജെപിയെയും ജനങ്ങള്‍ കാണുന്നത്. എന്‍ഡിഎയ്ക്ക് അനുകൂലമായി വലിയ പിന്തുണയാണ് കാണപ്പെടുന്നത്. യുവാക്കളും സ്ത്രീകളും കന്നിവോട്ടര്‍മാരും കേരളത്തിലെ പ്രൊഫഷണലുകളുമാണ് എന്‍ഡിഎയെ പിന്തുണയ്ക്കുന്നതില്‍ മുന്പില്. പുതുച്ചേരിയിലും തമിഴ്നാട്ടിലുമെല്ലാം ഈ തരംഗം പ്രകടമാണെന്നും മോദി പറഞ്ഞു. വനിതകളെ അപമാനിക്കുകയും പൊതുസമ്പത്ത് നശിപ്പിക്കുകയുമാണ് യുഡിഎഫ്, എല്‍ഡിഎഫ് എംഎല്‍എമാര്‍ ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഭരണരംഗത്ത് സമ്പൂര്‍ണ ഹര്‍ത്താലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിവുള്ളവരും കഠിനാധ്വാനികളുമായ കേരളീയര്‍ക്കു മുന്നില്‍ പുരോഗമന വീക്ഷണമുള്ള ആശയങ്ങള്‍ മുന്നോട്ടുവയ്ക്കാനും മുന്നോട്ടുള്ള വഴി അവതരിപ്പിച്ച് വികസനത്തിന് പുതിയ മാതൃക കണ്ടെത്താനും ഇരുമുന്നണികളും പരാജയപ്പെട്ടു. ഇരുമുന്നണികളും അഴിമതിയിലും ദുര്‍ഭരണത്തിലും വര്‍ഗീയതയിലും ജാതീയതയിലും രാഷ്ട്രീയ അതിക്രമത്തിലും സ്വജനപക്ഷപാതത്തിലും ഇരട്ടസഹോദരങ്ങളാണെന്നും മോദി പറഞ്ഞു.
കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും കൂടുതല്‍ അടുക്കുകയാണ്. ഇവര്‍ രണ്ടായി നില്ക്കുന്നതില് കാര്യമില്ല. ലയിച്ചുകൊണ്ടു ഒറ്റപാര്ട്ടിയാകണം. ക്രോമേഡ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നു പേരുമിടണം. യുഡിഎഫിന് ഇടതുപക്ഷത്തെ പരാജയപ്പെടുത്താനുള്ള കഴിവോ താല്‍പ്പര്യമോ ഇല്ല. ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും കന്നിവോട്ടര്‍മാരുടെയും പ്രൊഫഷണലുകളുടെയും പിന്തുണ എന്‍ഡിഎയ്ക്കാണ്. തങ്ങള്‍ക്കും രാഷ്ട്രീയത്തില്‍ ഒരിടമുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെടുന്നത് എന്ഡിഎയിലൂടെയാണ്. കഠിനാധ്വാനിയായ ഏത് വ്യക്തിയെയും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ ബലിയാടാക്കാന്‍ മടിയില്ലാത്തവരാണ് കോണ്‍ഗ്രസുകാര്‍. എ-ഐ ഗ്രൂപ്പ് രാഷ്ട്രീയപോരില് ജീവിതം നശിപ്പിക്കപ്പെട്ട ശാസ്ത്രജ്ഞന് നമ്പിനാരായണന് ഇതിന് ഉദാഹരണമാണ്. മറുവശത്ത് എന്‍ഡിഎ മെട്രോമാന് ശ്രീധരനെപ്പോലെയുള്ളവര്‍ക്ക് ആദരം വിലയിരുത്തണം. രാജ്യത്തിനുവേണ്ടി കഴിവുകള്‍ വിനിയോഗിച്ച അദ്ദേഹത്തിന്റെ കഴിവുകള്‍ കേരളത്തിനു വേണ്ടി സമര്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കുകയാണ്.
എന്‍ഡിഎ ദേശീയ താല്‍പ്പര്യങ്ങളെയും പ്രാദേശിക അഭിപ്രായങ്ങളെയും സംരക്ഷിച്ച് മുന്നോട്ടുപോകുന്ന മുന്നണിയാണ്. ഫെഡറല്‍സംവിധാനത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന പാര്‍ട്ടിയാണ്. എന്നാല്‍ കേന്ദ്രം നല്കുന്ന ജനക്ഷേമപദ്ധതികളോട് മുഖംതിരിഞ്ഞു നില്ക്കുന്ന സമീപനമാണ് കേരള സര്‍ക്കാര്‍ പുലര്‍ത്തിയിരുന്നത്. കേരളത്തില്‍ ക്ഷേത്രവിശ്വാസങ്ങള് സംരക്ഷിക്കാന്‍ നിയോഗിച്ച മന്ത്രി അയ്യപ്പവിശ്വാസികളെ ലാത്തികൊണ്ടു നേരിടാന്‍ നേതൃത്വം നല്‍കുകയാണ് ചെയ്തത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നവര്‍, സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തുന്നവര്‍, പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ ഇവരൊക്കെയാണ് കേരളം ഭരിക്കുന്നത്. അടിസ്ഥാനസൗകര്യവികസനം, ആരോഗ്യം, പശ്ചാത്തല സൗകര്യവികസനം, റോഡ് നിര്‍മാണം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ കേന്ദ്രം നല്കിയ സഹായങ്ങള്‍ വിനിയോഗിക്കുന്നതില്‍ കേരളം പരാജയപ്പെട്ടു. തിരുവനന്തപുരം അതിവേഗം വികസിക്കുന്ന പ്രദേശമാണ്. അതിനനുസൃതമായി ആധുനിക നഗരവത്കരണത്തിനായി വേണ്ട സൗകര്യങ്ങളൊരുക്കാന്‍ ഭരണകര്‍ത്താക്കള്‍ പരാജയപ്പെട്ടു. യുഡിഎഫും എല്‍ഡിഎഫും വികസനത്തിന് കാലവിളംബം ഉണ്ടാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
ജന്‍ധന്‍ അക്കൗണ്ട്, ആധാര്‍, മൊബൈല്‍ ഇതിലൂടെ സാങ്കേതിക വിദ്യയുടെ ഉപയോഗം ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളും ഹൈസ്പീഡ് ഇന്റര്‍നൈറ്റും വൈഫൈയും ജനങ്ങളിലെത്തിക്കാനുള്ളപ്രവര്ത്തനമാണ് നടക്കുന്നത്. അതിലൂടെ കൂടാതെ ക്ലേശമില്ലാത്ത ജനജീവിതം പ്രാപ്യമാകും. സ്റ്റാര്‍ട്ടപ്പ്, മുദ്രയോജന എന്നിവയിലൂടെ വന്‍കിട നഗരങ്ങള്‍ക്കൊപ്പം ചെറുകിട നഗരങ്ങളിലെ സംരംഭകര്‍ക്കും അവസരമേറും. പ്രധാനമന്ത്രി മത്സ്യസമ്പ്രദായ യോജനയിലൂടെ മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട് സമഗ്രവികസനം ലക്ഷ്യമിടുന്നു. ആരോഗ്യരംഗത്തും സാങ്കേതിക വിദ്യാഭ്യാസരംഗത്തും പ്രാദേശികഭാഷകളിലൂടെ ചെറുപ്പക്കാര്‍ക്ക് പ്രയോജനകരമായി വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതികള്‍ നടന്നുവരുന്നു. പ്രകൃതി ദുരന്തങ്ങളെ ജനപങ്കാളിത്തത്തോടെ സാങ്കേതികവിദ്യയിലധിഷ്ഠിതമായ നൂതന സംവിധാനങ്ങളൊരുക്കി ചെറുക്കാനാകും. ശക്തമായ ദുരന്ത നിവാരണ സംവിധാനം രാജ്യത്ത് നടപ്പാക്കും. മോദി പറഞ്ഞു.
വര്‍ഷങ്ങളായി കേരളം ഭരിക്കുന്ന എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ നിരാശരാക്കിയിരിക്കുകയാണ്. അടുത്ത വര്‍ഷം സ്വാതന്ത്രത്തിന്റെ 75 വര്‍ഷം ആഘോഷിക്കുകയാണ്. ഇനി വരുന്ന 25 വര്‍ഷം നിങ്ങള്‍ സ്വപ്നം കാണുന്ന വികസന കേരളം സൃഷ്ടിക്കാന്‍ കഠിനാധ്വാനം നടത്താന്‍ എന്‍ഡിഎയെ ജനങ്ങള്‍ അനുഗ്രഹിക്കണമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: