തിരുവനന്തപുരം : സിപിഎമ്മിന്റെ പ്രധാന അക്കൗണ്ടുകള്‍ പൂട്ടിയവരാണ് ബിജെപി. ബംഗാളിലേയും ത്രിപുരയിലേയും സിപിഎമ്മിന്റെ അക്കൗണ്ട് പൂട്ടിക്കഴിഞ്ഞു. കേരളത്തിലെ പിണറായിയുടെ അക്കൗണ്ട് പൂട്ടാനാണ് ബിജെപിയുടെ അടുത്ത ശ്രമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പിണറായിയുടെ അക്കൗണ്ട് പൂട്ടാനാണ് ബിജെപിയുടെ ശ്രമം. സ്പീക്കറും അഴിമതിയുടെ ഉറവിടമായി മാറിക്കഴിഞ്ഞു. ഇതോടെ ജനശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത്തവണ സംസ്ഥാനം ആര് ഭരിക്കുമെന്ന് എന്‍ഡിഎ തീരുമാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കുന്നതിനായി ഇടതുപക്ഷം ഇപ്പോള്‍ വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കുകയാണ്. ലൗ ജിഹാദിനെ ക്രൈസ്തവ സമൂഹം എതിര്‍ക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച ജോസ് ക. മാണിയെ അവര്‍ വായപ്പിച്ചു. വിഷയത്തില്‍ ക്രൈസ്തവരുടെ ആശങ്കയാണ് അവര്‍ പ്രകടിപ്പിക്കുന്നത്. വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കെ. സുരേന്ദ്രന് അറിയിച്ചു.
ഈ തെരഞ്ഞെടുപ്പ് പുതിയ ചരിത്രം ഉണ്ടാക്കും. എന്‍ഡിഎയുടെ ഉദയമാണ് കാണാന്‍ പോകുന്നത്. കൂടുതല്‍ സീറ്റില്‍ ത്രികോണ പോരാട്ടം ഉണ്ട്. ഇത്തവണ കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകില്ല. ഇവിടെ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിക്കുന്നതും ശ്രമം നടത്തുന്നതും ബിജെപിയാണ്. ഈ തെരഞ്ഞെടുപ്പ് പുതിയ ചരിത്രം ഉണ്ടാക്കും.
അതേസമയം തപാല്‍ വോട്ടിലും ക്രമക്കേട് നടത്തുകയാണെന്നും കെ. സുരേന്ദ്രന് ആരോപിച്ചു. സുരക്ഷിതമല്ലാത്ത രീതിയിലാണ് വോട്ട് ശേഖരിക്കുന്നത്. സഞ്ചി രാഷ്ട്രീയമാണ് മുഖ്യമന്ത്രി നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടുകള്‍ എകെജി സെന്ററിലേക്കോ കളക്ട്രേറ്റിലേക്കോ കൊണ്ടു പോകുന്നതില്‍ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: