പോത്തന്‍കോട് (തിരുവനന്തപുരം): കേരളത്തിലെ വിശ്വാസി സമൂഹത്തെയും ആചാര സംരക്ഷണത്തെയും എതിര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാവും ഈ തെരഞ്ഞെടുപ്പെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. നെടുമങ്ങാട് എന്‍ഡിഎ സ്ഥാനാര്‍ഥി ജെ.ആര്. പത്മകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീ സമത്വം പറയുന്നവര്‍ തൊഴില്‍ നല്‍കിയത് പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും പിന്‍വാതില്‍ നിയമനത്തിലൂടെയാണ്. പഠിച്ച് നേടിയ തൊഴിലിനായി തെരുവില്‍ പ്രതിഷേധമുയര്‍ത്തിയ സ്ത്രീ സമൂഹത്തെ സര്‍ക്കാര്‍ കണ്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളായ സ്ത്രീകള്‍ക്ക് മാത്രമാണ് സീറ്റ് നല്‍കിയത്. ഇവിടെയും സാധാരണക്കാരായ സ്ത്രീ സമൂഹത്തെ ഇടത് നേതാക്കള്‍ കണ്ടില്ല. ഈ ഭരണാധികാരികളാണ് ശബരിമല പ്രവേശനത്തിന് മാത്രം സ്ത്രീ സമത്വം ആവശ്യപ്പെടുന്നത്. കേരളത്തിലെ സ്ത്രീ സമൂഹം ആചാരത്തെ എതിര്‍ത്ത് ശബരിമലയില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, അവിശ്വാസികളായ ഒരു വിഭാഗത്തെ ശബരിമലയില്‍ കയറ്റി പോലീസിന്റെ സംരക്ഷണമൊരുക്കി വിശ്വാസത്തെയും ആചാരങ്ങളെയും തകര്‍ക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുരളീധരന് പറഞ്ഞു.
വെമ്പായം മാസ് ഓഡിറ്റോറിയത്തില്‍ നടത്തിയ വനിതാ സംഗമത്തില്‍ മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഗിരിജകുമാരി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി ജെ.ആര്. പത്മകുമാര്‍, ബിജെപി സംസ്ഥാന സമിതി അംഗം തോട്ടയ്ക്കാട് ശശി, മണ്ഡലം പ്രസിഡന്റ് വിജയകുമാര്‍, മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സ്വപ്ന സുദര്ശന്, മേഖലാ ഉപാധ്യക്ഷന്‍ കല്ലയം വിജയകുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവ്, മഹിളാമോര്‍ച്ച നേതാക്കളായ ശാലിനി സനില്‍, കവിത, ഗ്രാമപഞ്ചായത്ത് വനിതാ പ്രതിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: