മാനന്തവാടി മണ്ഡലത്തില്‍ എന്‍ഡിഎക്ക് വേണ്ടി ജനവിധി തേടുന്ന മുകുന്ദന് പള്ളിയറയ്ക്ക് വിശേഷങ്ങള്‍ ഏറെയാണ്. കേരളത്തിലെ ഏറ്റവും വലിയ കൂട്ടുകുടുംബമായിരുന്ന പള്ളിയറ തറവാട്ടിലാണ് മുകുന്ദന്റെ ജനനം. ബിജെപി ദേശീയ സമിതി അംഗവും വനവാസി വികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരിയുമായ പള്ളിയറ രാമന്റെ ജ്യേഷ്ഠന്റെ മകനാണ് മുകുന്ദന് പള്ളിയറ.
തറവാട്ട് മുറ്റത്ത് നടക്കുന്ന ആര്‍എസ്എസ് ശാഖയിലൂടെയാണ് മുകുന്ദന് സംഘടനയില്‍ എത്തുന്നത്. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് ബിജെപിയില്‍ എത്തിയ അദ്ദേഹം രണ്ട് തവണ ജനറല്‍ സെക്രട്ടറി പദം അലങ്കരിച്ചു. പട്ടികവര്‍ഗ്ഗ മോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനാണ് ഇപ്പോള്‍. പഴശ്ശി രാജാവിന്റെ മുന്നണി പോരാളികള്‍ ആയിരുന്ന കുറിച്യ തറവാട്ടിലെ ജനനവും സമരങ്ങളോടുള്ള ആഭിമുഖ്യവും മുകുന്ദനെ വേറിട്ട നേതാവാക്കി. കൂട്ടുകുടുംബ വ്യവസ്ഥിതി മാറിയതോടെ തറവാട്ടിലെ 37 കുടുംബങ്ങള്‍ക്ക് ഒന്നര ഏക്കര്‍ തോട്ടവും ഒരേക്കര്‍ വയലും വീതമായി ലഭിച്ചു. എന്നിരുന്നാലും കൃഷി പണികള്‍ എല്ലാം കൂട്ടായി തന്നെയാണ് ഇവര്‍ ഇന്നും നിര്‍വ്വഹിച്ച് വരുന്നത്. ബാല്യകാലത്ത് പതിനഞ്ച് ഏരുകള്‍ ആയിരുന്നു തറവാട്ടില്‍ (നിലം ഉഴുവാന്‍ വേണ്ടി ഉപയോഗിക്കുന്ന കാലികള്‍) നാല് കെട്ടില്‍ വെച്ചും ഉണ്ടും ഉറങ്ങിയും സുഖ ജീവിതം. രാവിലെ നാല് മണിക്ക് കാരണവര്‍ എല്ലാവരെയും ഉണര്‍ത്തും. പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം ഓരോരുത്തരും ഓരോ ഭാഗത്തേക്ക്. ചിലര്‍ ഏരുകളെ തെളിച്ച് കൊണ്ട് വരും, ചിലര്‍ കറവയ്ക്കുള്ള തിരക്കിലാകും, സ്ത്രീകള്‍ പാട്ട് പാടി നെല്ല് കുത്തും.
പതിനഞ്ച് ജോടി ഏരുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഏക്കര്‍ കണക്കിന് നിലം ഒരുക്കും. സംസ്ഥാനത്ത് അറിയപ്പെടുന്ന ജൈവ കര്‍ഷക കുടുംബമാണ് പള്ളിയറ തറവാട്. അമ്പതോളം പരമ്പരാഗത നെല്‍ വിത്തിനങ്ങള്‍ ഇന്നും പരിപാലിച്ച് വരുന്നു. അഞ്ഞൂറ് ക്വിന്റല്‍ നെല്ല് ഉള്‍ക്കൊള്ളുന്ന പത്തായപ്പുരയാണ് പള്ളിയറയുടെ അഭിമാനം. തണുപ്പ് കാലത്ത് പത്തായപ്പുരയുടെ മുകളിലാണ് യുവാക്കള്‍ കിടന്നുറങ്ങുക. എസ്എസ്എല്‍സിയോടെ കൃഷിപ്പണിയിലേക്ക് തിരിഞ്ഞ 46 കാരനായ മുകുന്ദന് പള്ളിയറയ്ക്ക് രാജകീയ സ്വീകരണമാണ് മണ്ഡലത്തില്‍ ലഭിക്കുന്നത്. ഭാര്യ സീതയും മക്കളായ ഗായത്രിയും ഗൗതംവും തെരഞ്ഞെടുപ്പ് കാലത്ത് മുകുന്ദനെ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: