തിരുവനന്തപുരം: ദേശീയ ജനാധിപത്യസഖ്യം(എന്‍ഡിഎ) കേരളഘടകത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യം പുറത്തിറങ്ങി. ഏറെ പ്രക്ഷേക പ്രശംസ പിടിച്ചുപറ്റിയ സത്യന് അന്തിക്കാട് ചിത്രമായ സന്ദേശത്തിലെ ഹാസ്യരംഗത്തെ അനുസ്മരിപ്പിക്കുന്നതാണ് പരസ്യം. അച്ഛനൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന ഇടതുവലത് മുന്നണിയില്‍ പെട്ട പ്രവര്‍ത്തകരായ മക്കള്‍ പരസ്പരം വാഗ്വാദത്തിലേര്‍പ്പെടുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം.
സ്വര്‍ണക്കള്ളകടത്തു കേസില്‍ ഇഡി അറസ്റ്റ് ചെയ്യാനെത്തുമെന്ന് ഒരാള്‍ പറയുമ്പോള്‍ ആര്‍ക്കും അറസ്റ്റ് ചെയ്യാനാവില്ലെന്നും തെളിവില്ലെന്നുമാണ് എതിര്‍വശത്ത് ഇരിക്കുന്നയാളുടെ മറുപടി. തുടര്‍ന്ന് അച്ഛന്റെ മോളുടെ കല്യാണത്തിനുള്ള മുഴുവന്‍ സ്വര്‍ണവും ‘ലവന്’ തരുമെന്ന് വെള്ളഷര്‍ട്ട് ധരിച്ചിരിക്കുന്ന മക്കളിലൊരാള്‍ പരിഹസിക്കുന്നത് കാണാം. നിന്റെ പാര്ട്ടിക്കാര് അഞ്ചുവര്‍ഷം മുന്‍പ് കാണിച്ച പേക്കൂത്ത് ജനം മറന്നിട്ടില്ലെന്നും പ്രതിപക്ഷമെന്ന നിലയില്‍ പ്രതികരിക്കാന്‍ ധൈര്യമുണ്ടോയെന്ന് ചോദിച്ച് അപ്പുറത്തിരിക്കുന്നയാള്‍ പ്രതിരോധം തീര്‍ക്കുന്നു.
ബിജെപിക്കാര്‍ എന്തെങ്കിലും കുത്തിപ്പൊക്കിയാല്‍ അതുകണ്ടു കോപ്പിയടിക്കാനേ കഴിയൂവെന്നും വിമര്‍ശിക്കുന്നു. സ്വര്ക്കള്ളക്കടത്തിനെക്കുറിച്ച് പറയുമ്പോള്‍ പ്രതിപക്ഷത്തെക്കുറിച്ച് പറയുന്നതെന്തിനെന്ന് ചോദിച്ച് പിന്നീട് ചര്‍ച്ച ബഹളത്തിലേക്ക് വഴിമാറുന്നു. സ്വര്‍ണത്തെക്കുറിച്ച് നീ ഒരക്ഷരം മിണ്ടരുതെന്നും എനിക്കത് ഇഷ്ടമല്ലെന്നും പറയുമ്പോള്‍ സ്വര്‍ണമെന്താ തറവാട്ടു സ്വത്താണോയെന്ന് ചോദിച്ച് ട്രോളുന്നു.
തമ്മിലടിക്കണമെന്ന് തോന്നുമ്പോള്‍ കേരളത്തിന്റെ പുറത്തേക്ക് പോകണമെന്നും അവിടെ തോളില്‍ കയ്യിട്ട് കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങാമെന്നും തുടര്‍ന്ന് അച്ഛന് ഇരുവരോടും പറയുന്നു. ഇവിടെ കേരളത്തില്‍ മാത്രമേ നിങ്ങള്‍ രണ്ടുപാര്ട്ടികളുള്ളൂവെന്ന അച്ഛന്റെ വാക്കോടെയാണ് പരസ്യം അവസാനിക്കുന്നത്. പുതിയ കേരളം മോദിക്കൊപ്പമെന്ന മുദ്രാവാക്യം പരസ്യത്തിന്റെ അവസാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: