കൊല്‍ക്കത്ത: സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് സംവരണം, ദശകങ്ങളായി അഭയാര്‍ഥികളായി കഴിയുന്നവര്‍ക്ക് പൗരത്വം, ആരോഗ്യ, അടിസ്ഥാന സൗകര്യവികസന മേഖലയില്‍ വന്‍ നിക്ഷേപം തുടങ്ങിയ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ‘സുവര്‍ണ ബംഗാളിനായുള്ള സങ്കല്പ്പ പത്രം’ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കി.
സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുമെന്ന് പത്രികയില്‍ പറയുന്നു. അഴിമതി പരിശോധിക്കാനായി എല്ലാ സര്‍ക്കാര്‍ ജോലികള്‍ക്കുമായി പൊതു യോഗ്യതാ പരീക്ഷ ആരംഭിക്കുമെന്ന് അമിത് ഷാ വ്യക്തമക്കി. പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര.
സംസ്ഥാനത്ത് 12 പുതിയ വനിതാ പൊലീസ് ബറ്റാലിയനുകള്‍. വടക്കന്‍ ബംഗാള്‍, ജംഗല്‍മഹല്‍, സുന്ദര്‍ബന്‍സ് എന്നിവടങ്ങളിലായി പുതിയ മൂന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) സ്ഥാപിക്കുമെന്ന് അമിത് ഷാ പറഞ്ഞു. കെജി മുതല്‍ ബിരുദാനന്തരബിരുദം വരെ സ്ത്രീകള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും പ്രകടന പത്രിക ഉറപ്പു നല്കുന്നു.
എഴുപത് വര്‍ഷമോ മുകളിലോ സംസ്ഥാനത്ത് അഭയാര്‍ഥികളായി കഴിഞ്ഞവര്‍ക്ക് പൗരത്വവും വാഗ്ദാനങ്ങളിലുണ്ട്. ബിജെപി അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ പൗരത്വ ഭേദഗതി നിയമം(സിഎഎ) നടപ്പാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. 70 വര്‍ഷമായി ഇവിടെ കഴിയുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കും. അഞ്ചുവര്‍ഷത്തേക്ക് ഒരോ അഭയാര്‍ഥി കുടുംബത്തിനും പ്രതിവര്‍ഷം 10,000 രൂപ വീതം ലഭിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: