കൊച്ചി: തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ ബിജെപിയില്ലാതെ കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാനാവില്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം എംപി. യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളുടെ ഭരണം അഴിമതിയില്‍ മുങ്ങിയതാണെന്ന് കേരളം കണ്ടതാണെന്നും ദുഷ്യന്ത് ഗൗതം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരു മുന്നണികളുടെ ഭരണത്തിലും അഴിമതിയാണ് കേരളത്തില്‍ കണ്ടത്. കേന്ദ്രത്തില്‍ മോദി സര്‍ക്കാരാകട്ടെ ഭരണം അഴിമതി മുക്തമാക്കി. യുഡിഎഫ് ഭരിച്ചപ്പോള്‍ സോളാര്‍ അഴിമതിയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വിവിധ അഴിമതികളാണ്. സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാര്‍തന്നെ പങ്കാളിയായിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികള്‍ക്കുവേണ്ടി ഇടപെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്താണ്. ഇത് അസാധാരണമാണ്. രാജ്യത്തിന്റെ ഉന്നതിക്ക് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍തന്നെ, രാജ്യം കൊള്ളയടിക്കുന്നതാണ് സ്ഥിതി, ദുഷ്യന്ത് ഗൗതം പറഞ്ഞു.
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും തമ്മില്‍ സഖ്യമാണ്. അവര്‍ മുസ്ലിം സംഘടനകളുമായി മുന്നണിയാണ്. എന്നിട്ടും അവര്‍ ഇവിടെ മതേതരത്വം പറയുന്നു. തമ്മില്‍ മത്സരിക്കുന്നു. ഇത് വോട്ടര്‍മാരെ കബളിപ്പിക്കലാണ്.
ദക്ഷിണേന്ത്യയില്‍ ബിജെപി ഇല്ലെന്ന പഴയ പ്രചാരണം ഇല്ലാതായി. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ വരികയാണ്. കേരളത്തിലും ബിജെപി മികച്ച ശക്തിയാകും. ബിജെപി ഇല്ലാതെ കേരളത്തില്‍ സര്‍ക്കാര്‍ വരില്ല. സീറ്റുകണക്കും മറ്റും പിന്നീട് ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണ്. ബിജെപിക്ക് സിപിഎമ്മുമായി ധാരണയും സഖ്യവുമുണ്ടെന്ന് പറയുന്നത് സത്യമല്ല. ജനസംഘ കാലം മുതലുള്ള നയവും ആദര്‍ശവും മാറ്റമില്ലാതെ തുടരുകയാണ്. ബിജെപി യെ സംബന്ധിച്ച് സിപിഎമ്മുമായി ഒരു ധാരണയുണ്ടാക്കുന്നതും നയമല്ല. ആദര്‍ശവും നിലപാടുമുള്ള പാര്‍ട്ടിയാണ് ബിജെപി. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.
കേരളത്തിലെ സര്‍ക്കാര്‍ സംസ്ഥാനത്തെ മുഖ്യധാരയില്‍നിന്ന് അകറ്റുകയാണ്. കേന്ദ്ര സര്‍ക്കാരിനെതിരേ നടത്തുന്ന പ്രക്ഷോഭങ്ങളും സമരങ്ങളും പ്രമേയങ്ങളുമെല്ലാം രാജ്യത്ത് ഭിന്നത വളര്‍ത്തുന്നതാണ്. കര്‍ഷക ക്ഷേമത്തിനുള്ള നിയമങ്ങള്‍ക്കെതിരേ നടത്തുന്ന സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. അത് കര്‍ഷകരുടെ ആവശ്യമല്ല. ഇന്ധന വില കൂടിയെന്നു പറയുന്നതും നികുതി കൊടുക്കുന്നവരല്ല, അവര്‍ നികുതി നല്കി രാജ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ തയാറാണ്. ചില രാഷ്ട്രീയക്കാരാണ് അതിന്റെ പേരില്‍ പ്രചാരണം നടത്തുന്നതെന്നും ദുഷ്യന്ത് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: