ന്യൂദല്‍ഹി: ഇന്ത്യയിലെ കാര്‍ഷിക നിയമങ്ങളെപ്പറ്റി ബ്രിട്ടീഷ് പാര്‍ലമെന്റ് ചര്‍ച്ച നടത്തിയതിന് പിന്നാലെ ബ്രിട്ടണിലെ വംശവെറിക്കെതിരെ പാര്‍ലമെന്റില്‍ ചര്‍ച്ച. ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ബ്രിട്ടണില്‍ നേരിടേണ്ടിവന്ന വംശവെറിക്കെതിരെ അതിശക്തമായ ഭാഷയില്‍ എംപിമാര്‍ വിമര്‍ശനം അഴിച്ചുവിട്ടു. വംശവെറിക്കെതിരെ എക്കാലവും പോരാട്ടം നടത്തിയ മണ്ണാണ് ഇന്ത്യയെന്ന് ചര്‍ച്ചയ്ക്ക് മറുപടി നല്കവേ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി.
പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അപ്രതീക്ഷിത ചര്‍ച്ച നടത്തിയതിനെതിരെ അതിശക്തമായ ഭാഷയിലാണ് ഇന്ത്യ ബ്രിട്ടണോട് പ്രതികരിച്ചത്. ദല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയ കേന്ദ്രസര്‍ക്കാര്‍ അനാവശ്യ വിഷയങ്ങളില്‍ ഇടപെടരുതെന്ന താക്കീതും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് നടപടിക്ക് മറുപടിയെന്നോണം ബ്രിട്ടണിലെ നാണംകെട്ട വംശവെറിക്കെതിരെ പാര്‍ലമെന്റ് രൂക്ഷഭാഷയില്‍ പ്രതികരിക്കുന്നത്.
ഒഡീഷയിലെ ബിജെപി എംപി അശ്വിനി വൈഷ്ണവ് ആണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച കര്‍ണ്ണാടക സ്വദേശിനിയായ രശ്മി സാമന്തിനെ രാജിവെപ്പിച്ച സംഭവം ലോക്സഭയില്‍ ഉന്നയിച്ചത്. യാഥാസ്ഥിതിക,വംശീയ വിഷയങ്ങളില്‍ അതിശക്തമായ നിലപാടെടുത്തിരുന്ന വിദ്യാര്‍ത്ഥിനിയുടെ മുന്‍ സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുകൊണ്ട് ഇത്തരത്തിലൊരു പ്രസിഡന്റ് ഓക്സ്ഫോര്ഡിന് ആവശ്യമില്ലെന്നായിരുന്നു വംശവെറിയന്മാരുടെ നിലപാട്. കടുത്ത ഭീഷണിയെ തുടര്‍ന്നായിരുന്നു സാമന്ത് രാജിവെച്ചത്. വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളുടെ ഹിന്ദുമത വിശ്വാസത്തിനെതിരെയും വംശവെറിയന്മാര് രംഗത്തെത്തിയിരുന്നു. കോളനിവല്‍ക്കരണത്തിന്റെ കാലം കഴിഞ്ഞെന്ന് ബ്രിട്ടണ് മനസ്സിലാക്കണമെന്ന് എംപി ചൂണ്ടിക്കാട്ടി.
മഹാത്മാഗാന്ധിയുടെ മണ്ണ് ഇത്തരം നടപടികളെ കണ്ടില്ലെന്ന് നടിക്കില്ലെന്ന് വിദേശകാര്യമന്ത്രി സഭയെ അറിയിച്ചു. സഭയുടെ വികാരം മാനിക്കുന്നു. ബ്രിട്ടണിലെ വലിയ സമൂഹമാണ് ഇന്ത്യന്‍ ജനത. ഇതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി ബ്രിട്ടന്റെ സുഹൃത്ത് എന്ന രീതിയില്‍ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ബ്രിട്ടണുമായുള്ള ശക്തമായ ബന്ധം ഉപയോഗിച്ചു തന്നെ ഇത്തരം വിഷയങ്ങള്‍ ആവശ്യമെങ്കില്‍ ഉന്നയിക്കും. ഓക്സ്ഫോര്‍ഡ് സംഭവം ഇന്ത്യ വളരെ കൃത്യമായി വീക്ഷിക്കുകയാണെന്നും എസ്. ജയശങ്കര്‍ മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: