ഇസ്ലാമബാദ്: കണ്ണുകള്‍ കാണാന്‍ ഹിജാബുകള്‍ മാറ്റണമെന്ന് ഉപദേശിക്കുന്ന പാകിസ്ഥാനിലെ ചൈനയുടെ കള്‍ച്ചറല്‍ കൗണ്‍സലറായ ഷാങ് ഹെകിങിന്റെ ട്വീറ്റില്‍ പാകിസ്ഥാനില്‍ പ്രതിഷേധം. പാകിസ്ഥാനിലുള്ള ചൈനയുടെ എംബസിയിലാണ് ചൈനയുടെ കള്‍ച്ചറല്‍ കൗണ്‍സലര്‍ ജോലി ചെയ്യുന്നത്.
ഒരു ചൈനീസ് മോഡലിന്റെ വീഡിയോയാണ് ഈ സന്ദേശം പ്രചരിപ്പിക്കാനായി ഷാങ് ഹെകിങ് തെരഞ്ഞെടുത്തിരിക്കുന്നത്. സുന്ദരിയായ ചൈനീസ് മോഡല്‍ നൃത്തച്ചുവടുകളുമായാണ് ഹിജാബ് മാറ്റിയാല്‍ കണ്ണുകള്‍ കാണാമെന്ന സന്ദേശം അഭിനയിച്ച് കാണിക്കുന്നത്.
‘ഹിജാബുകള്‍ മാറ്റു, ഞാന്‍ നിങ്ങളുടെ കണ്ണുകള്‍ കാണട്ടെ’ എന്ന സന്ദേശത്തോടൊപ്പമാണ് സിന്‍ജിയാങ് ഡാന്‍സ് എന്ന ഹാഷ് ടാഗില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചൈനയിലെ സിന്‍ജിയാങിലാണ് ഉയിഗുര്‍ വിഭാഗത്തില്‍പ്പെട്ട മുസ്ലിങ്ങളെ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൂട്ടക്കുരുതിയ്ക്ക് വിധേയമാക്കുന്നത്. ഇതിനെതിരെ ഉയിഗുര്‍ വിഭാഗത്തില്‍പ്പെട്ട മുസ്ലിങ്ങള്‍ അവരുടെ സംസ്കാരവും ഭാഷയും ജീവിതശൈലിയും നിലനിര്‍ത്താന്‍ പൊരുതുകയാണ്.
ഹിജാബ് എന്നത് മുസ്ലിം സ്ത്രീകള്‍ മുഖത്തിടുന്ന മുഖം മൂടിയാണ്. സ്വന്തം കുടുംബത്തിന് പുറത്തുള്ള പുരുഷന്മാര് സ്ത്രീകളുടെ മുഖം കാണാതിരിക്കാനാണ് ഹിജാബ് ധരിക്കുന്നത്. ഇത്തരം പ്രകോപനപരമായ ട്വീറ്റ് ചെയ്യാന്‍ എന്താണ് ഹെകിങിനെ പ്രേരിപ്പിച്ചതെന്ന് ഇനിയും വ്യക്തമല്ല. .
ട്വീറ്റ് പുറത്തുവന്ന ഉടനെ പാകിസ്ഥാനില്‍ പലരും പ്രതിഷേധവുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുകയാണ്. ഹിജാബ് നല്ലതാണെന്നും ഓരോ മുസ്ലിം സ്ത്രീകളും അതില്‍ അഭിമാനം കൊള്ളുന്നുവെന്നുമായിരുന്നു പലരുടെയും മറുപടി ട്വീറ്റുകള്‍.
ചൈനയുടെ കള്‍ച്ചറല്‍ കൗണ്‍സലറായ ഷാങ് ഹെകിങിന്റെ ട്വീറ്റോടെ ഇന്ത്യ-ചൈന ബന്ധം തന്നെ ഉലയുമെന്നാണ് പാകിസ്ഥാനില്‍ പരക്കെയുള്ള ധാരണ. ഹെകിങിന്റെ ട്വീറ്റില്‍ പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ട് നിരവധി പാകിസ്ഥാനികള്‍ രംഗത്തെത്തി. ഇസ്ലാമിനെ അപമാനിച്ചതിന് പാകിസ്ഥാനില്‍ താമസിക്കുന്ന ഹെകിങിനെതിരെ നടപടിയെടുക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെയും വ്യാജ പോസ്റ്റുകളിട്ട് തെറ്റിദ്ധാരണ പരത്താനും ഹെകിങ് ശ്രമിക്കാറുണ്ട്. ഏറ്റവുമൊടുവില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ലഡാക് സംഘര്ഷനാളുകളിലും ഹെകിങ് തെറ്റിദ്ധാരണാജനകമായ ധാരാളം ട്വീറ്റുകള്‍ പുറത്ത് വിട്ടിരുന്നു.
ചൈനയില്‍ ഉയ്ഗുര് മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇസ്ലാമിനെ ഭീഷണിയായാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: