തിരുവല്ല: കുട്ടനാടിന്റെ സ്നേഹവും നൈര്‍മല്യവും കവി വിഷ്ണു നാരായണന് നമ്പൂതിരിക്ക് കൈമുതലായിരുന്നു. പച്ചമണ്ണില്‍ ചവിട്ടി കളിച്ച് വളര്‍ന്ന ബാല്യവും വീടിന് അടുത്തുള്ള ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ നിത്യദര്‍ശനവും കവിയെ പച്ചമനുഷ്യനാക്കി. കുട്ടിക്കാലത്തെ സാമ്പ്രദായിക രീതിയില്‍ മുത്തച്ഛനില്‍ നിന്ന് സംസ്കൃതവും വേദവും പഠിച്ചു. കൊച്ചുപെരിങ്ങര സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശ്ശേരി എസ്ബി കോളേജിലായിരുന്നു ഇന്റര്‍ മീഡിയറ്റ് പഠനം. പിന്നീട് പെരിങ്ങര സ്കൂളില്‍ അധ്യാപകനായി. ഇതിന് ശേഷം കോഴീക്കോട് ദേവഗിരി കോളേജില്‍ എംഎ പഠനം. അതിനു ശേഷം കോളേജ് അധ്യാപക വൃത്തിയിലേക്ക് തിരിഞ്ഞു.
ശ്രീവല്ലഭനോടുള്ള അടങ്ങാത്ത ഭക്തി കവിയില്‍ എപ്പോഴുമുണ്ടായിരുന്നു.അധ്യാപക വൃത്തിയില്‍ നിന്ന് വിരമിച്ച ശേഷം ശ്രീവല്ലഭ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി ഭഗവാനെ പൂജിക്കാന്‍ സന്നദ്ധനായപ്പോള്‍ സംസ്കാരിക കേരളം അതിശയപ്പെട്ടു.അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനായിരുന്നു കവിയുടെ മേല്‍ശാന്തി ജീവിതം.1994 മുതല്‍ 1997 വരെയായിരുന്നു കവി ശ്രീവല്ലഭനെ പൂജിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് വിരമിച്ച ശേഷമാണ് പൂജാവൃത്തി ഏറ്റെടുത്തത്. ശ്രീവല്ലഭ ക്ഷേത്രത്തിലെ കാരാഴ്മ അവകാശം ഇദ്ദേഹത്തിന്റെ കുടുംബക്കാരുടേതുമായിരുന്നു.
തിരുവല്ല മേപ്രാല്‍ ശ്രീവല്ലി (ശീരവള്ളി ഇല്ലം) ഇല്ലത്ത് വിഷ്ണു നമ്പൂതിരിയുടെയും അദിതി അന്തര്‍ജ്ജനത്തിന്റെയും മകനായിട്ടാണ് കവിയുടെ ജനനം. ആദ്യമുണ്ടായ അഞ്ചു മക്കളും പ്രസവത്തില്‍ തന്നെ മരിച്ചതിനാല്‍ ആറാമനെയെങ്കിലും ജീവനോടെ തരണമെന്നും അല്ലെങ്കില്‍ കാരാഴ്മ മുടങ്ങുമെന്നും അമ്മ ഭഗവാനോട് ഉള്ളരുകി പ്രാര്‍ത്ഥിച്ചു.അങ്ങനെ അമ്മയുടെ വാക്ക് പാലിക്കാനാണ് ജീവനോടെയുണ്ടായ ആദ്യ സന്താനമായ വിഷ്ണു നാരായണന് നമ്പൂതിരി ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ നിയോഗിക്കപ്പെട്ടത്. അതിനാല്‍ ക്ഷേത്രവുമായി അദ്ദേഹം ബാല്യം മുതല്‍ ഇഴുകി ചേര്‍ന്നിരുന്നു.
ശ്രീവല്ലഭനെ പൂജിക്കാന്‍ ലഭിച്ചത് സുകൃതമായിട്ടാണ് കവി കണ്ടത്. ക്ഷേത്രത്തോട് ചേര്‍ന്നുള്ള ജലവന്തി എന്ന് പേരുള്ള മാളികയില്‍ താമസിച്ച് ദിവസവും അഞ്ചു നേരം പൂജ ചെയ്യേണ്ട ജോലികളാണ് കവി ഏറ്റെടുത്തത്. ഇതിനിടെ വിവാദവും കടന്നു വന്നു. പൂജാരിയുടെ ചുമതലയിലിരിക്കെ കവി ലണ്ടനിലേക്ക് യാത്ര നടത്തിയതാണ് വിവാദമായത്. മേല്‍ശാന്തിയായിരിക്കെ കടല്‍ കടന്ന് പോകാന്‍ പാടില്ലെന്നയായിരുന്നു വിശ്വാസം. പൂജ ചെയ്യുന്നതില്‍ നിന്ന് തന്ത്രി വിലക്കിയെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ അദ്ദേഹത്തെ മേല്‍ശാന്തിയായി തിരിച്ചെടുത്തു. 2014-ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചപ്പോള്‍ കുടുംബ സമേതമാണ് അദ്ദേഹം ശ്രീവല്ലഭന്റെ അനുഗ്രഹം തേടിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: