ശ്ലോകം 287
മാതാപിത്രോര് മലോദ്ഭൂതം മലമാംസമയം വപു:
ത്യക്ത്വാ ചണ്ഡാലവദ്ദൂരം
ബ്രഹ്മീ ഭൂയ കൃതീ ഭവ
അച്ഛനമ്മമാരുടെ മലത്തില്‍ നിന്ന് രൂപം പൂണ്ടതും മലവും മാംസവും നിറഞ്ഞതുമായ ശരീരത്തെ ചണ്ഡാലനെപ്പോലെ മാറ്റി നിര്‍ത്തണം. ഞാന്‍ ബ്രഹ്മം തന്നെയെന്ന ഭാവനയെ ദൃഢമാക്കി വെച്ച് കൃതകൃത്യനാവണം.
അച്ഛന്റേയും അമ്മയുടേയും വിസര്‍ജ്ജ്യത്തില്‍ നിന്നാണ് നമുക്കോരുത്തര്‍ക്കും ശരീരം ലഭിക്കുന്നത്. അവരുടെ ശുക്ല ശോണിതങ്ങളില് നിന്നാണ് നമ്മുടെ ജനനം. അതിനാലാണ് മലത്തില്‍ നിന്ന് ഉണ്ടായതെന്ന് പറഞ്ഞത്. പുരുഷന് രേതസ്സിനെ പുറത്ത് വിടുന്നതും സ്ത്രീ ശോണിതം പുറപ്പെടുവിക്കുന്നതും പ്രസവിക്കുന്നതുമൊക്കെ വിസര്‍ജിക്കല്‍ തന്നെ.മലവും മാംസവും നിറഞ്ഞ നല്ലൊരു വിഴുപ്പ് ഭാണ്ഡമാണ് ശരീരം. ഈ ശരീരത്തെ നിലനിര്‍ത്താനും അതിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും നാം എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത്…!
സോപ്പ് തേച്ച് കുളിപ്പിക്കല്‍, വെള്ളം തുവര്‍ത്തി തുടച്ച് വൃത്തിയാക്കല്‍, പൗഡറിടല്‍, സുഗന്ധദ്രവ്യങ്ങള്‍ പുരട്ടലും പൂശലും, പുതിയ വസ്ത്രങ്ങള്‍ ധരിക്കല്‍, ആഭരണങ്ങളും കുറിക്കൂട്ടകളും അണിയല് എന്നിങ്ങനെ പോകുന്നു. മലമൂത്രങ്ങളൊക്കെ നന്നായി കെട്ടിപ്പൊതിഞ്ഞ പുറമേയ്ക്ക് മനോഹരമായി തോന്നുന്ന പാക്കറ്റാണ് ശരീരം. ഈ മല ഭാണ്ഡത്തെ അകറ്റി നിര്‍ത്തുക തന്നെ വേണം. എല്ലായിടത്തും നാം ഞാന്‍ എന്ന് പരിചയപ്പെടുത്തുന്നത് ഈ അഴുക്ക് കെട്ടിനെയാണ്. അതിനെ ഏറ്റി നടപ്പാണ്. അതിനകത്തെ പലതും അത്രയും വെറുപ്പുളവാക്കുന്നതാണ്.അതിന്റെ പുറംമോടിയില്‍ മയങ്ങി അതിനെ പരിചരിക്കുന്നതില്‍ സമയം കളയുന്നത് വളരെ പരിഹാസ്യമാണ്. സ്ഥൂല ശരീരത്തിന്റെ ഉല്‍പ്പത്തിയും സ്വഭാവവും നിന്ദ്യമാണ് ഒരിക്കലും അതില്‍ ആത്മാഭിമാനം പാടില്ല.
ഞാന്‍ ശരീരമാണെന്ന താദാത്മ്യം കളയാമെന്ന് ശാസ്ത്രം കര്‍ശനമായി പറയുന്നു. ദേഹമല്ല നശിപ്പിക്കേണ്ടത്, ദേഹാഭിമാനമാണ്. ദേഹ ഭാവന നീങ്ങിയാല്‍ ആത്മസാക്ഷാത്കാരത്തിന് അര്‍ഹമാകും. ആത്മാനുഭൂതിയ്ക്ക് തടസ്സമായി നില്‍ക്കുന്നത് ദേഹത്തിലെ താദാത്മ്യ ഭാവവും ദേഹപോഷണത്തിനുള്ള വ്യഗ്രതയുമാണ്.
ശരീരം മനസ്സ് ബുദ്ധി എന്നിവയിലെ അഭിമാനമാണ് എല്ലാ ദു:ഖങ്ങള്‍ക്കും കാരണം. ആ അഭിമാനം ഇല്ലാതായാല്‍ ശരീര മനോബുദ്ധികള്‍ക്ക് അതീതമായാല്‍ ബ്രഹ്മാനന്ദം നേടാം.
ബ്രഹ്മത്തെ സാക്ഷാത്കരിച്ച് കൃതകൃത്യനാവാം. ആത്മസാക്ഷാത്കാരാ നേടിയാല്‍ അതിനപ്പുറം മറ്റൊന്നും അന്വേഷിക്കാനോ നേടാനോ അനുഭവിക്കാനോ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: