കൊട്ടാരക്കര: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലൂടെ ജില്ലയിലെ പ്രധാനപ്രതിപക്ഷപാര്ട്ടിയായി ബിജെപി മാറിയെന്ന് ജില്ലാസമിതിയോഗം അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. ജില്ലയിലെ പതിനൊന്ന് എംഎല്‍എമാരും ഭരണമുന്നണിയുടേതായിട്ടും അടിമുടി വികസനത്തകര്ച്ചയാണ് ഫലമെന്ന് പ്രമേയം വിലയിരുത്തി.
വ്യവസായത്തകര്‍ച്ച
കശുവണ്ടി, കയര്‍, കൈത്തറി, മത്സ്യബന്ധനം, ഓട്, ഇഷ്ടികനിര്‍മ്മാണ മേഖലകളെല്ലാം തകര്‍ന്ന നിലയിലാണ്. കശുവണ്ടി മേഖലയില്‍ തൊഴിലാളികള്‍ പട്ടിണിയിലാണ്. ആറ് വ്യവസായികളാണ് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയില്‍ പൊറുതിമുട്ടി ആത്മഹത്യ ചെയ്തത്. കശുവണ്ടിത്തൊഴിലാളികള്‍ക്ക് കുറഞ്ഞത് 200 ദിവസത്തെ തൊഴില്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ സമിതി ആവശ്യപ്പെട്ടു. വിദേശത്ത് നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് കൊല്ലം തുറമുഖം പൂര്‍ണസജ്ജമാകണമെന്ന് യോഗം ചൂണ്ടിക്കാട്ടി.
വേണം കാര്‍ഷികവിപണികള്‍
കര്ഷസുഭിക്ഷം സമൃദ്ധം പദ്ധതി രാഷ്ട്രീയവത്കരിക്കുന്ന സിപിഎം നീക്കം അവസാനിപ്പിക്കണമെന്ന് ജില്ലാസമിതിയോഗം ആവശ്യപ്പെട്ടു. ഇടനിലക്കാരെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ തെറ്റിദ്ധാരണ പരത്തുകയാണ് ഇരുമുന്നണികളും. നെല്ല്, മരച്ചീനി, വാഴ, പച്ചക്കറി കര്‍ഷകര്‍ വിപണി കണ്ടെത്താനാവാതെ കുഴങ്ങുകയാണ്. ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനായി സ്റ്റോറേജ് വെയര്‍ ഹൗസ് സംവിധാനങ്ങള്‍ ഒരുക്കി ജില്ലയിലുടനീളം വിപണന ശൃംഖല നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. പ്രാദേശിക ചന്തകള്‍ നവീകരിക്കുന്നതിന് തൊഴിലുറപ്പ് സംവിധാന പ്രയോജനപ്പെടുത്തണം. കേന്ദ്രസര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധിയില്‍ 3,36082 കര്‍ഷകരാണ് ജില്ലയില്‍ നിന്ന് ഗുണഭോക്താക്കളായത്. സംസ്ഥാനത്ത് ഇക്കാര്യത്തില്‍ നാലാം സ്ഥാനത്താണ് ജില്ലയിലെ കര്‍ഷകര്‍.
തൊഴിലിലും രാഷ്ട്രീയം
എംപ്ലോയ്മെന്റെ എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനത്തില്‍ സിപിഎമ്മിന്റെ അമിതമായ ഇടപെടല്‍ അര്‍ഹതയുള്ളവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് തടസ്സമാവുകയാണ്. പിണറായി സര്‍ക്കാരിന്റെ അപ്രഖ്യാപിത നിയമന നിരോധനവും പിന്‍വാതില്‍ നിയമനവും മൂലം നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് തൊഴില്‍ നിഷേധിക്കപ്പെടുന്നതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
അനാരോഗ്യമേഖല
ആരോഗ്യമേഖലയില്‍ കടുത്ത അനാസ്ഥയാണ് നടമാടുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് കൊല്ലം ജില്ല. പ്രധാന താലൂക്ക് ആശുപത്രികളില്‍ പോലും കോവിഡ് വാക്സിന് സെന്ററുകള്‍ ആരംഭിക്കാനാകാത്തത് ജില്ലാ ഭരണകൂടത്തിന്റെ തികഞ്ഞ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്.
മാറ്റത്തിന് മോദിമാര്‍ഗം
മാറ്റത്തിനും മുന്നേറ്റത്തിനും വഴികാട്ടാന്‍ മോദിസര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ കരുത്താകണമെന്ന് ജില്ലാസമിതിയോഗം ആഹ്വാനം ചെയ്തു. നാല് പതിറ്റാണ്ടായി മുടങ്ങിക്കിടന്ന കൊല്ലം ബൈപാസിന്റെ പൂര്‍ത്തീകരണത്തിലൂടെ വികസനപാതയിലേക്കുള്ള തടസ്സം കൂടിയാണ് മാറിയത്. കേന്ദ്രസര്‍ക്കാരിന്റെ അന്ത്യോദയ പദ്ധതികള്‍ മുതല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വരെ എല്ലാം അടിസ്ഥാനജനവിഭാഗത്തോടുള്ള കരുതലിന്റെ തെളിവാണെന്ന് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: