തിരുവനന്തപുരം: ശംഖുമുഖത്തേക്ക് അലയടിക്കുന്ന തിരമാലകളേക്കാൾ ആവേശം അലതല്ലി അന്താരാഷ്ട്ര വിമാനത്താവളവും അന്തപുരി നഗരവും. ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെ.പി.നദ്ദയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും നഗരത്തിലുടനീളവും ആവേശോജ്ജ്വല സ്വീകരണം. ദേശീയ അധ്യക്ഷനായ ശേഷം ആദ്യമായി കേരളത്തിലേക്കെത്തുന്ന ജെ.പി.നദ്ദയെ വരവേറ്റത് ഉത്സവമേള പ്രതീതിയിൽ.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇന്നു വരെ സാക്ഷ്യം വഹിക്കാത്ത വിധത്തിലുള്ള വരവേൽപായിരുന്നു ജെ.പി.നദ്ദയ്ക്ക് പ്രവർത്തകർ ഒരുക്കിയത്.വിമാനത്താവളം മുതൽ മാരാർജി ഭവൻവരെയുള്ള വീഥികൾ കൊടി തോരണങ്ങളാൽ അലങ്കരിച്ചിരുന്നു. രാവിലെ തന്നെ പ്രവർത്തകർ വിമാനത്താവളത്തിലെ എ1 ഗേറ്റിൽ എത്തി തുടങ്ങി. കഥകളി രൂപങ്ങളും തെയ്യവും പൂക്കാവടിയും ചെണ്ടമേളവും പഞ്ചവാദ്യവും കൂടി ആയതോടെ വിമാനത്താവളം താളമുഖരിതമായി. ആയിരത്തോളം പ്രവർത്തകർ കൊടികളും സ്വാഗതം എഴുതിയ പ്ലക്കാർഡുകളും ആയി അണിനിരന്നപ്പോൾ വിമാനത്താവളെ ഉത്സവാന്തരീക്ഷത്തലായി.
ഒരുമണിയോടെ വിമാനത്താവളത്തിന് നദ്ദ പുറത്തേക്ക് എത്തി. ഈ സമയം പ്രവർത്തകരുടെ ആവേശം വാനോളമുയർന്നു. നദ്ദയെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ഒ.രാജഗോപാൽ എം.എൽ.എ, പ്രഭാരിമാരായ സി.പി രാധാകൃഷ്ണൻ, സുനിൽ കാർക്കളെ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, സി.കെ പദ്മനാഭൻ, ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി, ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി.സുധീർ, വൈസ്പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ തിരുവനന്തപുരം ജില്ലാപ്രസിഡന്റ് വി.വി രാജേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തിരുവന്തപുരം ജില്ലാ കമ്മറ്റി ഒരുക്കിയിരുന്ന പുഷ്പകിരീടവും ദണ്ഡും കൂറ്റൻഹാരവും അണിയിച്ചായിരുന്നു സ്വീകരണം. ഈ സമയം പ്രവർത്തകർ പുഷ്പവൃഷിടി നടത്തി. തിരുവനന്തപുരം നഗരസഭയിലെ വനിതാ കൗൺസിലർമാർ കേരളീയ വേഷത്തിൽ കൈകളിൽ താമരപ്പൂക്കളുമായാണ് നദ്ദയെ വരവേറ്റത്. ജില്ലയിലെ മറ്റ് തദ്ദേശ ജനപ്രതിനിധികളും എത്തിയിരുന്നു.
തുടർന്ന് തുറന്ന വാഹനത്തിൽ ജെ.പി നദ്ദയെ മാരാർജി ഭവനിലേക്ക് ആനയിച്ചു. അഞ്ഞൂറോളം ഇരുചക്രവാഹനങ്ങളാണ് അകമ്പടി സേവിച്ചത്. അഖിലേന്ത്യാ അദ്ധ്യക്ഷനെ കാണാനും വരവേൽക്കാനും റോഡിന് ഇരുവശത്തും നിരവധിയാളുകളും പ്രവർത്തകരുമാണ് തടിച്ചുകൂടിയത്. ഓരോ ജംഗ്ഷനിയും പാതയോരങ്ങളിലും നദ്ദയക്ക് പുഷ്പവൃഷിടി നടത്തി. മാരാർജി ഭവനിലെത്തിലെത്തിയ നദ്ദ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: