ഏതൊരറിവിനേയും മറ്റൊരാളിലേക്ക് പകര്ത്തുന്നതാരോ അവരാണ് ഗുരു. അറിവേതുമാകാം. എല്ലാ അറിവും ഒരിടത്തുനിന്നും കിട്ടില്ല. എല്ലാ അറിവും ഒരാള്‍ക്ക് സ്വായത്തമാക്കാനും കഴിയില്ല. ആയതിനാല്‍ നാമെന്നും വിദ്യാര്‍ത്ഥിയും, പഠിച്ചവ മറ്റൊരാളിലേക്കു പകര്‍ന്ന് ഗുരുവുമാകും.
എപ്പോഴാണ് ഒരാള്‍ ഗുരുവാകുക? ഒരാള്‍ പകര്‍ന്നുതന്ന അറിവ് അതേപടി മറ്റൊരാളിലേക്കു പകര്ന്നുവെച്ചാല് ഗുരുവാകുമോ? യഥാര്‍ഥത്തില്‍ അതൊരു വാഹകനല്ലേ? അപ്പോള്‍ പിന്നെങ്ങനെഗുരുവാകും?
ഒരിക്കല്‍ പ്രഗത്ഭനായ ഒരാശാരിയുടെ അടുത്ത് തച്ചുശാസ്ത്രം പഠിക്കാന്‍ രണ്ടു പേരെത്തി. ബുദ്ധിമാന്മാരായ രണ്ടു ശിഷ്യരും വളരെവേഗം ശാസ്ത്രം പഠിച്ചു. ആയുധങ്ങള്‍ വിദഗ്ധമായി കൈകാര്യം ചെയ്യാനും ഗുരു നിര്‍ദ്ദേശിക്കുന്ന ഏതു ശില്‍പ്പവും സ്വയം ചെയ്യാനുള്ള കഴിവും നേടി. പിന്നീട് ഗുരുസന്നിധിവിട്ട് സ്വയം കാര്യങ്ങള്‍ ചെയ്തുതുടങ്ങി. അതിലൊരു ശിഷ്യന് ഇടക്കിടെ ഗുരുവിനെ കാണാനെത്തുകയും സംശയദൂരീകരണം നടത്തുകയും പതിവായിരുന്നു. ഈ ശിഷ്യനിലെ ഭാവമാറ്റം കണ്ട ഗുരു ചോദിച്ചു. ‘നീ ഇടയ്ക്കിടെ സംശയം ദൂരീകരിക്കുമ്പോഴും നിന്റെ മനസ് കലുഷിതമായാണല്ലോ കാണുന്നത്. എന്താണുകാരണം?’
ശിഷ്യന് മനസ്സില്ലാമനസ്സോടെ അതു പറഞ്ഞു. ‘ഗുരോ ഞാന്‍ എന്തും എത്ര ഭംഗിയായി ചെയ്താലും ജനം അങ്ങയുടെ പേരാണുപറയുക. അങ്ങാണോ ഇതുണ്ടാക്കിയതെന്നു ചോദിക്കും. ആദ്യമാദ്യം അഭിമാനമായിരുന്നെങ്കിലും ഇപ്പോഴും എന്റെ പേര് ഒന്നിലും തെളിയാത്തതും എന്നെ അറിയാത്തതും എനിക്കു ദുഃഖമുണ്ടാക്കുന്നു.’ ഗുരു ശിഷ്യനോടായി പറഞ്ഞു. ‘ഇപ്പോഴും നീ എന്റെ ശിഷ്യനായിത്തന്നെയിരിക്കുന്നു. നിന്റെയുള്ളിലെ ഗുരു പുറത്തുവന്നില്ല. എന്നാല്‍ നീ എന്റെ അടുത്ത ശിഷ്യനെ നോക്കൂ. അവന് ഒരു ഉത്തമ ഗുരുവായിരിക്കുന്നു. ഞാന്‍ പഠിപ്പിച്ച വിദ്യ ആവശ്യമായ മാറ്റത്തോടുപയോഗിച്ച് സ്വന്തമായ ആശയങ്ങള്‍ രൂപകല്പനചെയ്യുന്നു. അവന്റെ ആശയങ്ങളിലെ സംശയം അവന് സ്വയം ദൂരീകരിക്കാന്‍ കഴിയും. നീയോ? എന്റെ ആശയം ഉപയോഗിക്കുന്നു. അതാണ് നിനക്ക് സംശയവും, അസ്ഥിത്വമില്ലായ്മയും. അവന്റെ കഴിവ് കരസ്ഥമാക്കാന്‍ ഞാനും അവനെ ഗുരുവാക്കാറുണ്ട്. ‘.
ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അപാകങ്ങളും ഇതുതന്നെയാണ്. ഇന്ന് ഗുരുക്കന്മാരില്ല. എല്ലാം വെറും വാഹകര്‍ മാത്രം. വിദ്യ എന്തിനെ, എവിടെ ഉപയോഗിക്കണമെന്ന് ഇവര്‍ക്കറിയില്ല. അവരതു സ്വന്തം ആശയത്തിനു വേണ്ടി ഉപയോഗിച്ച് പ്രായോഗികമായി തെളിയിച്ചിട്ടുമില്ല.
പ്രസന്നന്. ബി
പ്രതികരിക്കാൻ ഇവിടെ എഴുതുക: