തിരുവനന്തപുരം: സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ബിജെപിയില്‍ ചേരുമെന്ന് മുസ്ലിം ലീഗ് ദിനപത്രം ചന്ദ്രിക. ചന്ദ്രികയുടെ ഓണ്‍ലൈന്‍ എഡിഷനിലാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
പ്രകാശ് കാരാട്ട് ഡല്‍ഹിയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്ന് അപ്രത്യക്ഷനായിട്ട് രണ്ടുവര്‍ഷം തികയുകയാണെന്നും കൃത്യമായി പറഞ്ഞാല്‍ നരേന്ദ്രമോഡി രണ്ടാം തവണ അധികാരത്തില്‍ വന്ന 2019 ജൂണ്‍ മാസം മുതല്‍ തന്നെ പ്രകാശ് കാരാട്ടിന്റെ രാഷ്ട്രീയ വനവാസവും ആരംഭിച്ചിട്ടുണ്ടെന്ന് വാര്‍ത്തയില്‍ പറയുന്നു. രാജ്യത്താകമാനം ലക്ഷക്കണക്കിന് ജനങ്ങള്‍ നേരിട്ട് പങ്കെടുത്ത പൗരത്വ പ്രക്ഷോഭത്തിന്റെ ഒരു ഘട്ടത്തിലും പ്രകാശ് കാരാട്ട് പങ്കെടുത്തിട്ടില്ല.
ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനായിട്ടും ജെഎന്‍യു അടക്കമുള്ള പ്രമുഖ സര്‍വകലാശാലകളില്‍ നടന്ന വിദ്യാര്‍ത്ഥി സമരങ്ങളെ അഭിസംബോധന ചെയ്ത രാഷ്ട്രീയ നേതാക്കളുടെ നീണ്ടനിരയില്‍ ആരും അദ്ദേഹത്തെ കണ്ടിട്ടില്ല. മുസ്ലിം ന്യൂനപക്ഷ സമുദായത്തില്‍ പെട്ട നൂറുകണക്കണക്കിന് മനുഷ്യര്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ദാരുണ സംഭവത്തില്‍ കുറ്റകരമായ മൗനം പാലിച്ച ഒരേയൊരു പ്രതിപക്ഷപാര്‍ട്ടി നേതാവ് സഖാവ് പ്രകാശ് കാരാട്ട് ആയിരിക്കും. പ്രകാശ് കാരാട്ടിന്റെ സംഘ്പരിവാര്‍ വിധേയത്വം നരേന്ദ്രമോഡി അധികാരത്തില്‍ വന്ന ആദ്യഘട്ടത്തില്‍ തന്നെ പ്രകടമായിട്ടുണ്ട് എന്നതടക്കം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കാരാട്ട് ബിജെപിയില്‍ ചേരുമെന്ന് ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തത്.
വാര്‍ത്തയ്ക്കു പിന്നാലെ സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. ചന്ദ്രികയുടേത് ഊളത്തരമെന്ന് മുഖ്യമന്ത്രി പ്രസ് സെക്രട്ടറി പി.എം. മനോജ് ഫേസ്ബുക്കില്‍ കുറിച്ചു. ഊളത്തരം ഐ പി സിയിലുള്ള കുറ്റമല്ല. ചന്ദ്രിക സ്ഥിരം വായിക്കുന്നവന് വെറും മൂരിയായിപ്പോകുന്നതിലും കുറ്റം പറയാനൊക്കില്ല. ചന്ദ്രികയിലെഴുതുന്നവന് പത്ര വായന നിഷിദ്ധമാണെന്നും കര്‍ഷക സമരം പോലും അവന് കാണില്ലെന്നതുമാണ് വലിയ തമാശയെന്നും മനോജ്. സിപിഎമ്മില്‍ പ്രതിഷേധം ശക്തമായതോടെ വാര്‍ത്ത ചന്ദ്രിക പിന്‍വലിച്ചു. ഒപ്പം, വാര്‍ത്ത ആധികാരികമല്ലെന്നു വ്യക്തമാക്കി ഖേദം പ്രകടിപ്പിച്ച് ചന്ദ്രിക ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെങ്കിലും അതു പിന്നീട് പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: