കൊല്ലം: വിരമിച്ച ശേഷവും ആനുകൂല്യങ്ങള്‍ നിഷേധിച്ച് വനിതാ സീനിയര്‍ പോസ്റ്റുമാസ്റ്ററോട് ഇടതുപക്ഷ യൂണിയനുകള്‍ പ്രതികാരം തീര്‍ക്കുന്നതായി ആക്ഷേപം. കിഴക്കേ കല്ലട വിശാഖത്തില് പി.കെ. സജില കുമാരിയാണ് ഇടതുപക്ഷ നേതാക്കളുടെയും സഹപ്രവര്‍ത്തകരുടെയും കൊടിയ വിവേചനത്തിന് ഇരയായത്. സംസ്ഥാനത്ത് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിനെ കുത്തകയായി വച്ചിരിക്കുന്ന ഇടതുപക്ഷ യൂണിയനുകളെ വെല്ലുവിളിച്ച് ബിഎംഎസ് യൂണിയന് വേണ്ടി പ്രവര്‍ത്തിച്ചതാണ് ഇതിന്റെ അടിസ്ഥാന കാരണം.
നാല്പത് വര്‍ഷത്തെ സര്‍വീസ് ജീവിതത്തില്‍ വെറും മൂന്നു ദിവസം മാത്രമാണ് പ്രമോഷന് പോസ്റ്റില്‍ ഇവരെ ജോലി ചെയ്യാന്‍ സമ്മതിച്ചത്. വിരമിച്ച് എട്ടു മാസമായിട്ടും പ്രസ്തുത പോസ്റ്റിലെ ശമ്പളമോ ആനുകൂല്യമോ തരാതെ വേട്ടയാടുകയാണ്. വിരമിക്കല്‍ സമയത്ത് എല്ലാ ഓഫീസര്‍മാര്‍ക്കും പതിവുള്ള, വകുപ്പില്‍നിന്നുള്ള മൊമന്റോയും നിഷേധിച്ച് മാനസികമായി തകര്‍ക്കാനും ശ്രമിച്ചു. കേരള സര്‍ക്കിളിലെ ഭൂരിഭാഗം ഓഫീസര്‍മാരും ഇടതുയൂണിയനുകാരാണ്. ഇവരില്‍ നിന്നും ഒരുഘട്ടത്തിലും നീതിപൂര്‍വമായ സമീപനം ഉണ്ടായില്ലെന്നും സര്‍വീസിലുള്ളപ്പോഴും വിരമിച്ചശേഷവും അനീതിയാണ് കാട്ടുന്നതെന്നും സജിലകുമാരി പറയുന്നു.
1981ല്‍ പോസ്റ്റല്‍ വകുപ്പില്‍ അസിസ്റ്റന്റായി ജോലിക്ക് കയറിയ സജിലകുമാരി പിന്നീട് അക്കൗണ്ടന്റ് ആയി. യോഗ്യതയുണ്ടായിട്ടും ലോവര്‍ സെലക്ഷന് ഗ്രേഡ് കൊടുത്തില്ല. ഇതിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസിന് പോയി. സീനിയര്‍ സൂപ്രണ്ടാകാനുള്ള പോസ്റ്റല്‍ സര്‍വ്വീസ് ഗ്രൂപ്പ് ബി പരീക്ഷയെഴുതി 2011ല്‍ പാസായി. എന്നാല്‍ പോസ്റ്റിങ് നല്‍കാതെ വലച്ചു.
പോസ്റ്റിങ്ങിന് വേണ്ടിയും പിന്നീട് കേസ് ഫയല്‍ ചെയ്തു. ഇതനുസരിച്ച് 2016ല്‍ കോടതി പോസ്റ്റിങ് നല്കാന് വിധിച്ചു. എന്നാല്‍ കേരള സര്‍ക്കിളിലെ ചില ഓഫീസര്‍മാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. 2019ല്‍ ഇതിനും അനുകൂല വിധി സജിലകുമാരി സമ്പാദിച്ചു. എന്നാല്‍ വകുപ്പ് ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങുകയും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയും 2020 ഫെബ്രുവരിക്കുള്ളില്‍ പോസ്റ്റിങ് നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു. അപ്പോഴും നിയമനം നീട്ടികൊണ്ടുപോകാനാണ് സര്‍ക്കിളിലെ ഉന്നതാധികാരികള്‍ ശ്രമിച്ചത്. നിയമപോരാട്ടത്തിന് ഒടുവില്‍ മൂന്നു ദിവസം മാത്രമാണ് ഗ്രൂപ്പ് ബി പോസ്റ്റില്‍ നിയമനം അനുവദിച്ചതെന്നും സജിലകുമാരി പറഞ്ഞു.
സജിലകുമാരിയോട് പ്രതികാരം തീര്‍ക്കുന്ന ഇടതുപക്ഷ യൂണിയനുകളില്‍പ്പെട്ട ഓഫീസര്‍മാര്‍, മാനവികതയുടെ വക്താക്കളായി ചമയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. ജീവിതകാലം മുഴുവന്‍ പണിയെടുത്ത സ്ഥാപനത്തില്‍ നിന്ന് ഒരു തൊഴിലാളിക്കും ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായിക്കൂട. സജിലകുമാരിയുടെ പോരാട്ടത്തിനൊപ്പം ബിഎംഎസ് ശക്തമായി നിലകൊള്ളും.
ആര്. അജയന്
ജില്ലാ സെക്രട്ടറി
ബിഎംഎസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: