കല്ലുവാതുക്കല്‍: കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപക്കെതിരെ സിഡിഎസ് അംഗത്തിന്റെ തിട്ടൂരം. ജനപ്രതിനിധികളെ കുടുംബശ്രീയുടെ പൊതുസഭകളില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള മുന്‍ ജനപ്രതിനിധിയും സിപിഐ നേതാവുമായ സിഡിഎസ് അംഗത്തിന്റെ ശബ്ദസന്ദേശമാണ് പുറത്തായത്.
കുടുംബശ്രീ അംഗങ്ങളുടെ വാട്ട്സ്ആപ് ഗ്രൂപ്പുകളില്‍ നല്കിയ ശബ്ദ സന്ദേശം അംഗങ്ങള്‍ തന്നെയാണ് പുറത്തുവിട്ടത്. കുടുംബശ്രീയുടെ പൊതുസഭകളില്‍ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാകുമെന്നാണ് കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള താക്കീത്. പഞ്ചായത്ത് പ്രസിഡന്റിന് വേറെ ജോലി ഇല്ലെന്നും പൊതുസഭകളില്‍ പ്രസിഡന്റ് സുദീപയെ പങ്കെടുപ്പിക്കരുതെന്നും പറയുന്നുണ്ട്.
വാര്‍ഡ്തല കുടുംബശ്രീ യൂണിറ്റുകളുടെ രക്ഷാധികാരി വാര്‍ഡ് മെമ്പര്‍ ആണെന്നിരിക്കെ അതുപോലും വിസ്മരിച്ചാണ് ശബ്ദസന്ദേശത്തില്‍ അംഗങ്ങള്‍ക്ക് താക്കീത് നല്‍കുന്നത്. ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ കല്ലുവാതുക്കല്‍ പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്സണിനെ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപയും വൈസ് പ്രസിഡന്റ് സത്യപാലനും വിളിച്ചുവരുത്തി താക്കീത് ചെയ്തു.
കുടുംബശ്രീ പ്രവര്‍ത്തനം തോന്നുംപടി
കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ കുടുംബശ്രീ പ്രവര്‍ത്തനം പല വാര്‍ഡുകളിലും തോന്നുംപടിയാണ്. പഞ്ചായത്തുമായി യാതൊരു ബന്ധവുമില്ലാതെയാണ് പ്രവര്‍ത്തനം. കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന ആശ്രയ കിറ്റ് വിതരണവും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുമായി ബന്ധപ്പെടാതെയാണ് പല വാര്‍ഡുകളിലും നടത്തിയത്.
കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ജീവന്ദീപം പദ്ധതി നടപ്പിലാക്കിയിട്ടില്ല. ഇതിനുള്ള അപേക്ഷഫോം പഞ്ചായത്തില്‍ ഉണ്ടായിട്ടും അത് അംഗങ്ങളില്‍ എത്താതെ തടഞ്ഞുവച്ചിരിക്കുകയാണ്. വര്‍ഷം 345 രൂപ പോളിസി തുകയുള്ള ഈ ഇന്‍ഷ്വറന്‍സ് പദ്ധതി കല്ലുവാതുക്കല്‍ പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ അംഗങ്ങളിലും എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: