ബീജിങ്: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായെന്ന് അവകാശപ്പെട്ട ചൈനയ്ക്ക് തിരിച്ചടി. പുതുവര്‍ഷാഘോഷങ്ങള്‍ക്കു ശേഷം രാജ്യത്ത് വൈറസ് വ്യാപനം വര്‍ധിക്കുകയാണ്. കഴിഞ്ഞ തവണ വുഹാനായിരുന്നു ഹോട്ട്സ്പോട്ടെങ്കില് ഇത്തവണ ഹെബെയ് പ്രവിശ്യ ആണ് വ്യാപന കേന്ദ്രം.
വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതോടെ പ്രദേശമാകെ ആശങ്കയിലാണെന്നും എല്ലാവരും ജാഗ്രതയിലാണെന്നും ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന് (എന്എച്ച്സി) അറിയിച്ചു. ബീജിങ്ങിനോട് ചേര്‍ന്നുള്ള പ്രദേശമാണ് ഹെബെയ്. ഹെബെയ്യുടെ തലസ്ഥാനമായ ഷിജിയഷ്വാങ്ങിലാണ് വ്യാപനം രൂക്ഷമായിരിക്കുന്നത്. വലിയൊരു ക്ലസ്റ്ററാണ് ഇവിടെ രൂപം കൊണ്ടത്. ഇത് ഹെബെയ് നഗരത്തിന് ഭീഷണിയായിരിക്കുകയാണ്.
വളരെ പെട്ടന്നു തന്നെ ഷിജിയഷ്വാങ്ങില് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വൈറസ് ബീജിങ്ങിലേക്കും അതിനപ്പുറവും വ്യാപിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. ഹെബെയ്യില്‍ മാത്രം 100 പേര്‍ക്കാണ് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രിലില്‍ ബീജിങ്ങിലെ ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്.
ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ശ്മശാന മൂകതയാണ് നഗരത്തില്‍. ട്രെയിന്‍ സര്‍വീസുകളുള്‍പ്പെടെയുള്ള ഗതാഗത സംവിധനങ്ങളെല്ലാം നിര്‍ത്തലാക്കി. കൊറോണ നെഗറ്റീവ് ആണെങ്കില്‍ക്കൂടി, ഇവിടങ്ങളില്‍ നിന്ന് മറ്റിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് ക്വാറന്റൈന് നിര്‍ബന്ധമാക്കി.
ലക്ഷണങ്ങളൊന്നുമില്ലാത്ത ഒരാളാണ് നിലവിലെ വ്യാപനത്തിന് കാരണമെന്ന് എന്എച്ച്സി ഡയറക്ടര്‍ മാ ഷിയോവെയ് പറഞ്ഞു. അയാളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇതിനകം ഇയാള്‍ ഹെബെയ്, ബീജിങ് എന്നിവിടങ്ങളിലെല്ലാം പോയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാപനം പെരുകിയതോടെ വീണ്ടും വീട്ടിലിരിക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് ബീജിങ്ങിലെ ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: